മണല്‍ക്കടത്ത് തടയുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ യുവാവിന് പരുക്ക്
വടകര: കടലോരത്ത് നിന്നും മണല്‍ കടത്ത് നടത്തുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ കുപ്പിച്ചില്ല് കൊണ്ട് യുവാവിന് പരുക്ക്. താഴെഅങ്ങാടി ബീച്ച് റോഡില്‍ ബാലത്തിന്റെവിട ജലീലി(35)നാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജലീലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത പൊലിസ് ബീച്ച് റോഡിലെ മുസ്തഫ എന്നയാളെ അന്വേഷിക്കുകയാണ്.
ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. താഴെ അങ്ങാടി ചുങ്കം കടപ്പുറത്ത് വച്ച് വ്യാപകമായി മണല്‍ കടത്ത് നടത്തുന്ന സംഘത്തെയാണ് മുസ്തഫ ചോദ്യം ചെയ്തത്. ഇതിനിടെ സംഘത്തില്‍ പെട്ട ചിലര്‍ ചേര്‍ന്ന് മുസ്തഫയെ അക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് മുസ്തഫ തന്റെ കയ്യില്‍കിട്ടിയ കുപ്പിച്ചില്ല് ഉപയോഗിച്ച് ജലീലിനെ അക്രമിച്ചത്. അക്രമത്തില്‍ കഴുത്തിന് പരുക്കേറ്റു.
അതിനിടെ അക്രമത്തില്‍ പരുക്കേറ്റ ജലീലിന്റെ ചില ബന്ധുക്കള്‍ ചേര്‍ന്ന്് മുസ്തഫയുടെ വീടിന് നേരെ ആക്രമണം നടത്തി. അക്രമത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. മുസ്തഫയുടെ മാതാവ് മൈമു, പിതാവ് എം.സി അബൂബക്കര്‍, ഭാര്യ സാജിദ, സഹോദരി ആബിദ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ഗെയിറ്റ്, സാധന സാമഗ്രികള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വടകര പൊലിസില്‍ പരാതി നല്‍കി.
താഴെഅങ്ങാടി മേഖലയിലെ കടലോരഭാഗങ്ങളില്‍ അനധികൃതമായി നടത്തുന്ന മണല്‍കടത്ത് വ്യാപകമാണ്. ദൂരം അനുസരിച്ച് ചാക്കിന് 150മുതല്‍ 200 രൂപ വരെയാണ് സംഘങ്ങള്‍ ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പരാതികള്‍ പൊലിസില്‍ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ജനകീയ കമ്മിറ്റികളുണ്ടാക്കി ഇതിനെതിരേ പ്രതികരിക്കാന്‍ നാട്ടുകാര്‍ മടിക്കുകയാണ്. പ്രതികരിക്കുന്നവരെ അക്രമിച്ച് നിശബ്ദരാക്കുന്ന സ്വഭാവമാണ് മണല്‍കടത്തുകാര്‍ക്ക്. ഇതാണ് നാട്ടുകാര്‍ മണല്‍കടത്തിനെതിരെ ശബ്ദിക്കാന്‍ ഭയപ്പെടുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."