ജനഹൃദയങ്ങളില്‍ വേരൂന്നിയ ഉരുക്കുവനിത
ചെന്നൈ: മണ്‍മറഞ്ഞ മുന്‍മുഖ്യമന്ത്രി എം.ജി.ആറിന്റെ ചിത്രങ്ങളില്‍ അധികവേഷം കെട്ടി, എം.ജി.ആറിന്റെ സ്‌നേഹലാളനകള്‍ ഏറ്റുവാങ്ങി 'ഇദയക്കനിയായി' മാറിയ ജയലളിത രാഷ്ട്രീയ പാരമ്പര്യങ്ങളേതുമില്ലാതെയാണ് തമിഴ്‌രാഷ്ട്രീയത്തിലേക്ക് കാലൂന്നിയത്.
എം.ജി.ആര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അണ്ണാ ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായി നിയമിതയായ ജയലളിത കുറഞ്ഞകാലംകൊണ്ട് തന്റെ രാഷ്ട്രീയ മഹാസാമ്രാജ്യം കെട്ടിപ്പൊക്കി. അധികാരത്തിന്റെ കൊത്തളങ്ങളില്‍ എങ്ങനെ പിടിച്ചുനില്‍ക്കണമെന്നും പ്രതിയോഗികളെ ഏതു വിധത്തില്‍ നേരിടണമെന്നും പയറ്റിത്തെളിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റെ കഴിവു പ്രകടിപ്പിച്ച ജയലളിത കുറഞ്ഞ സമയംകൊണ്ട് എം.ജി.ആറിന്റെ പിന്‍ഗാമി സ്ഥാനത്തിനും അര്‍ഹയായി. ആരെയും കൂസാത്ത നിശ്ചദാര്‍ഢ്യവും ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളുമായി ജയലളിത പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തമിഴകത്തിന്റെ നഗരഗ്രാമങ്ങള്‍ ചുറ്റിക്കറങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തമിഴ്മക്കള്‍ ജയലളിതക്ക് പിന്നില്‍ അണിനിരന്നു.
എം.ജി.ആറിന്റെ ശവമഞ്ചവുമായി പോകുകയായിരുന്ന ഗണ്‍ഗാരേജില്‍നിന്നു പുറത്തേക്കു തള്ളിയിടാന്‍ നടത്തിയ നീക്കം ജയലളിതയെ വേദനിപ്പിച്ചെങ്കിലും തളരാത്ത മനസ്സുമായി ജയലളിത ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 1984ല്‍ എം.ജി.ആര്‍ രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴും തുടര്‍ന്നു മൂന്നു വര്‍ഷത്തിനു ശേഷം മരണപ്പെടുമ്പോഴും തമിഴക രാഷ്ട്രീയത്തെ നിയന്ത്രിച്ചത് ജയലളിതയായിരുന്നു. എം.ജി.ആറിന്റെ മരണശേഷം പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ ജയലളിത തന്ത്രപൂര്‍വം നിലയുറപ്പിച്ചായിരുന്നു കരുക്കള്‍ നീക്കിയത്. 1989 ല്‍ മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ ജയലളിതയെ ഡി.എം.കെ അംഗങ്ങള്‍ സാരികീറി അപമാനിച്ചപ്പോള്‍ ഇനി 'മുഖ്യമന്ത്രിയായിട്ടെ' ഈ സഭയില്‍ വരികയുള്ളൂവെന്ന് ശപഥം ചെയ്താണ് ജയലളിത സ്ഥലം വിട്ടത്.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1991 ല്‍ അണ്ണാ ഡി.എം.കെ സഖ്യം 234 ല്‍ 225 ഉം നേടി അധികാരത്തില്‍ എത്തിയപ്പോള്‍ ജയലളിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ജയലളിതയുടെ ശപഥത്തിന്റെ അര്‍ഥവ്യാപ്തിയും, നിശ്ചയദാര്‍ഢ്യവും കണ്ടു ജനം വിസ്മയം പൂണ്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 39ല്‍ 39 സീറ്റും നേടി ജയലളിത ചരിത്രത്തില്‍ വെന്നിക്കൊടി നാട്ടി.
തന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കാത്ത നേതാക്കളെ പുറത്താക്കിയും ഭരണത്തില്‍ കാര്യക്ഷമത കാണിക്കാത്ത മന്ത്രിമാരെ പുറത്താക്കിയും ജയളിത കൈക്കൊണ്ട നടപടികള്‍ ഏകാധിപതിയുടെ നിറം ചാര്‍ത്തിയെങ്കിലും പാര്‍ട്ടിയിലും ഭരണത്തിലും ശുദ്ധികലശം നടത്തുന്നതിന് ഇത് ഏറെ സഹായകമായി. അധികാരത്തിന്റെ നെടുംതൂണായ ജയലളിത മന്ത്രിമാരെയും നേതാക്കളെയും ഉദ്യോഗസ്ഥരെയും വരച്ച വരയില്‍ നിര്‍ത്തി. പാവങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി സൗജന്യ ടി.വി, കംപ്യൂട്ടര്‍, ഗ്രൈന്റര്‍, ഗ്യാസ് അടുപ്പ്, വീട്, ഭൂമി, വസ്ത്രങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ പ്രഖ്യാപിച്ച ജയലളിത തമിഴ്മക്കളുടെ ഹൃദയത്തില്‍ പുരട്ചി തലൈവിയായി. ജയലളിതയുടെ അപാരമായ ആജ്ഞാശക്തി അവരെ ഉരുക്കുവനിത എന്ന വിശേഷണത്തിനു വരെ അര്‍ഹയാക്കി.
ഹൃദയമലിഞ്ഞത് ഗാഢസൗഹൃദങ്ങളില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."