കശുവണ്ടി തൊഴിലാളികളുടെ വേതനം കുടിശിക ഉള്‍പ്പെടെ നല്‍കണം: എം.പി
കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ വേതനം കുടിശിക ഉള്‍പ്പെടെ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലെ കുടിശ്ശിക വളരെ കൂടുതലാണ്. നിത്യജീവിതത്തിന് വകയില്ലാതെ കശുവണ്ടി തൊഴിലാളികള്‍ വലയുമ്പോള്‍ ശമ്പളം നല്‍കുന്നതിന് തയ്യാറാകാത്തത് തൊഴിലാളി ദ്രോഹമാണ്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ സമയോചിതമായി ഇടപെടുന്നതിനും തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു. ഉയര്‍ന്ന ശമ്പളക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് ശക്തമായ ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികളുടെ വേതന വിതരണത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ വിഷമതകള്‍ പരിഹരിക്കുന്നതിന് മാര്‍ഗ്ഗം കണ്ടെത്തുകയും പാവപ്പെട്ട തൊഴിലാളികള്‍ക്ക് ശമ്പളം കുടിശ്ശിക സഹിതം വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
നോട്ട് നിരോധനത്തിന്റെ പേരില്‍ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലാക്കുന്ന സമീപനം ഗുരുതരവും പ്രതിഷേധാര്‍ഹവുമാണ്. കശുവണ്ടി മേഖലയിലെ അതീവ ഗുരുതരമായ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."