ശബരിമല: പൊലിസ് പകര്‍ത്തിയ രഹസ്യ സ്വഭാവമുള്ള ആകാശ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്
തിരുവനന്തപുരം: ശബരിമലയുടെ സുരക്ഷയെ ബാധിക്കുന്ന ആകാശ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വന്നതിനെകുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു സ്വകാര്യ ഏജന്‍സിയെ കൊണ്ടാണ് പൊലിസ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിത്രത്തിന്റെ പൂര്‍ണ അവകാശം പൊലിസിനാണ്. എന്നാല്‍ ദൃശ്യം പകര്‍ത്തിയ സ്വകാര്യ ഏജന്‍സി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സന്നിധാനത്തിന്റെയും ശ്രീകോവിലിന്റെയും ഓഫിസുകളുടേയും വനമേഖലയില്‍ ക്ഷേത്രത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നതുമടക്കം 31 വിഡിയോകളാണ് യുട്യൂബില്‍ ഇട്ടത്.ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ യൂട്യൂബില്‍ നിന്നും പിന്‍വലിക്കാന്‍ സ്വകാര്യ ഏജന്‍സിയോട് പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേര് ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകാം എന്ന് പൊലിസ് വിലയിരുത്തുന്നു. അതേ സമയം, ശബരിമലയുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വന്നത് സംബന്ധിച്ച് ഉന്നത തലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഡി.ജി.പിക്ക് കത്തു നല്കി. സുരക്ഷാ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന ഏതു നിലപാടിനും ദേവസ്വം ബോര്‍ഡിന്റെ പിന്തുണയുണ്ടാകും.സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുള്പ്പെടെ ദേവസ്വം പ്രസിഡന്റും രണ്ടു ബോര്‍ഡംഗങ്ങളും ശബരിമലയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."