വൈകല്യങ്ങള്‍ മറന്ന് അവര്‍ ആടിപ്പാടി: മഴവില്ലഴകില്‍ ബഡ്‌സ്-ബി.ആര്‍.സി കലോത്സവം
കോഴിക്കോട്: കൈകൊട്ട് പെണ്ണേ കൈ കൊട്ട് പെണ്ണേ... കൊഞ്ചും വളയിട്ട് കൈകൊട്ട്... വൈകല്യങ്ങള്‍ മറന്ന് അവര്‍ വേദിയില്‍ ആടിപ്പാടിയപ്പോള്‍ സദസിലിരുന്ന കുരുന്നുകളും വേദനകളെല്ലാം മറന്ന് കൈയടിച്ചു. ചിലര്‍ താളത്തില്‍ ചുവടുവച്ചു. അവര്‍ക്കരികിലിരുന്ന അമ്മമനസുകളും ആ സന്തോഷത്തില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ബഡ്‌സ്- ബി.ആര്‍.സി കലോത്സവം മഴവില്ലഴകായി.
നാടന്‍പാട്ട് പാടിയും നാടോടി നൃത്തമാടിയും സംഘനൃത്തത്തിന് ചുവടുവച്ചും പ്രച്ഛന്നവേഷത്തിലുമെല്ലാം അവര്‍ ഓരോരുത്തരും വേദിയിലെത്തി. പലരും ആദ്യമായി സ്റ്റേജില്‍ കയറുന്നവരായിരുന്നു. എങ്കിലും പേടിയോ മടിയോ ഇല്ലാതെ അവര്‍ അധ്യാപകര്‍ പഠിപ്പിച്ച പാട്ടും ഡാന്‍സുമെല്ലാം തെല്ലും വ്യത്യാസമില്ലാതെ അവതരിപ്പിച്ച് കൈയടി വാങ്ങി. എല്ലാവര്‍ക്കും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. കിട്ടിയ സമ്മാനങ്ങളില്‍ നിഷ്‌കളങ്ക മനസോടെ അവര്‍ മുത്തമിട്ടപ്പോള്‍ വൈകല്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെയും ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളിലേയും 570 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. 'മഴവില്ല് ' എന്നു പേരിട്ട കലോത്സവത്തില്‍ കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ അനിതാ രാജന്‍ മുഖ്യാതിഥിയായിരുന്നു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദ്ഷാ ഖാന്‍ സ്വാഗതവും ടി. നാസര്‍ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."