സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരണശാലകള്‍ പൊതുവിതരണ വകുപ്പുജീവനക്കാര്‍ താവളമാക്കുന്നു
തൊടുപുഴ: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരണശാലകള്‍ പൊതുവിതരണ വകുപ്പ് ജീവനക്കാര്‍ താവളമാക്കുന്നു. മൂന്നുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കോര്‍പറേഷനില്‍ എത്തുന്ന വകുപ്പുജീവനക്കാരാണ് കോര്‍പറേഷന്‍ സംഭരണശാലകളെ സ്വന്തം സാമ്രാജ്യമാക്കുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ തൊടുപുഴ, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലായി മൂന്നു സംഭരണശാലകളാണ് ഇടുക്കി ജില്ലയിലുള്ളത്. തൊടുപുഴ ഇടവെട്ടിയിലെ സംഭരണശാലയുടെ ഓഫിസില്‍ നിലവിലുള്ള എട്ടു തസ്തികകളിലും പൊതുവിതരണ വകുപ്പുജീവനക്കാരാണു ജോലി ചെയ്യുന്നത്. ഇവര്‍ വിതരണക്കാരില്‍നിന്നു വന്‍തുക കമ്മിഷന്‍ വാങ്ങി നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുകയാണ്. കഴിഞ്ഞ ദിവസം ഈ സംഭരണശാലയില്‍ നോണ്‍ മാവേലി കസ്റ്റോഡിയന്‍ തസ്തികയില്‍ ജോലിചെയ്യുന്ന പൊതുവിതരണ വകുപ്പു ജീവനക്കാരനെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ എം.ഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍പനയ്ക്കു നല്‍കിയതിനായിരുന്നു സസ്‌പെന്‍ഷന്‍. തൊടുപുഴയൊഴികെയുള്ള മറ്റു രണ്ടിടങ്ങളിലെ തസ്‌കികകളിലെല്ലാം കുറഞ്ഞ വേതനക്കാരായ കോര്‍പറേഷനിലെ അസി. സെയില്‍സ്മാന്മാര്‍ മാത്രമാണു ജോലി ചെയ്യുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ തൊടുപുഴ താലൂക്കില്‍ 21 ഔട്ട്‌ലെറ്റുകളാണുള്ളത്. തൊടുപുഴയില്‍ പീപ്പിള്‍ ബസാറും, തൊടുപുഴ, വണ്ണപ്പുറം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം 38 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ ഒന്‍പതുപേര്‍ പൊതുവിതരണ വകുപ്പു ജീവനക്കാരും 29 പേര്‍ കോര്‍പറേഷന്‍ ജീവനക്കാരുമാണ്. വകുപ്പുജീവനക്കാര്‍ക്ക് ആകെ 5.40 ലക്ഷം രൂപ ശമ്പളം നല്‍കേണ്ടിവരുമ്പോള്‍ എണ്ണത്തില്‍ മൂന്നിരട്ടിയിലധികമുള്ള കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് 3.10 ലക്ഷം രൂപ മാത്രമാണു ശമ്പളയിനത്തില്‍ നല്‍കേണ്ടിവരുന്നത്.
കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്ന ഇവര്‍ കാലാവധിക്കു ശേഷവും മടങ്ങാന്‍ തയാറാകുന്നില്ല. രാഷ്ട്രീയ-ട്രേഡ് യൂനിയന്‍ സ്വാധീനത്തിലാണ് ഇക്കൂട്ടര്‍ തുടരുന്നത്. അസി. മാനേജര്‍, മാവേലി കസ്റ്റോഡിയന്‍, ലോക്കല്‍ പര്‍ച്ചേസ് സെക്ഷന്‍, സ്റ്റോക്ക് വേരിഫിക്കേഷന്‍ എന്നീ തസ്തികകളില്‍ ഇടവെട്ടി സംഭരണശാലയില്‍ ജോലി ചെയ്യുന്നവര്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞവരാണ്. അസി. സെയില്‍സ്മാന്‍ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കും. ലിസ്റ്റിലുള്ളവരില്‍ ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞവരാണ്. എങ്കിലും ഈ ലിസ്റ്റില്‍നിന്നു നിയമനം നടത്താന്‍ കോര്‍പറേഷന്‍ തയാറാകുന്നില്ല.
എന്നാല്‍, പൊതുവിതരണ വകുപ്പു ജീവനക്കാരുടെ ഇഷ്ടക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നുമുണ്ട്. അസി. സെയില്‍സ്മാന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വകുപ്പുമന്ത്രി പി. തിലോത്തമനെ നേരില്‍കണ്ടു നിവേദനം സമര്‍പ്പിച്ചിരുന്നു. നിയമനം കോര്‍പറേഷന് അധിക ബാധ്യത വരുത്തുമെന്നാണു മന്ത്രി പറയുന്നത്. എന്നാല്‍ പൊതുവിതരണ വകുപ്പു ജീവനക്കാര്‍ കോര്‍പറേഷനു വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെ കണക്ക് മന്ത്രി അറിയുന്നില്ലെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."