കമ്മിഷന്‍ വ്യവസ്ഥയില്‍ പഴയ നോട്ട് മാറ്റുന്ന സംഘങ്ങള്‍ സജീവം
കട്ടപ്പന: പിന്‍വലിച്ച പഴയ നോട്ടുകള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ മാറിനല്‍കുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവം. സ്വര്‍ണാഭരണശാല ഉടമ ഉള്‍പ്പെട്ട ഏഴംഗ സംഘം പിടിയിലായതോടെയാണ് ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. പഴയ നോട്ടുകള്‍ മാറിനല്‍കുന്ന സംഘത്തെക്കുറിച്ചു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ രംഗത്തിറങ്ങിയ പൊലിസ് സംഘത്തോട് ഒട്ടേറെ ഇടപാടുകാരാണു പണം മാറി നല്‍കാമെന്നു വാഗ്ദാനം ചെയ്തത്.
ഇത്തരത്തില്‍പെട്ട രണ്ടു സംഘങ്ങളെ മുന്‍പു കണ്ടെത്താനായിരുന്നെങ്കിലും ഇടനിലക്കാരായിരുന്നതിനാല്‍ പ്രയോജനമുണ്ടായില്ല. ഒടുവിലാണ് ഇടപാടുകള്‍ക്കായി പണവും സ്വര്‍ണവുമായി എത്തിയ മുഖ്യകണ്ണി അടക്കമുള്ളവര്‍ പിടിയിലായത്. രണ്ടുകോടി രൂപയുടെ പഴയ നോട്ടുകള്‍ മാറിയെടുക്കാനുള്ളവരാണെന്ന വ്യാജേനയാണു പൊലിസ് സംഘം ഇത്തരം സംഘങ്ങള്‍ക്കുവേണ്ടി വലവിരിച്ചത്. പണം മാറിനല്‍കാമെന്നറിയിച്ച് ഒരാഴ്ച മുന്‍പ് എട്ടംഗ സംഘമാണ് ആദ്യം എത്തിയത്. പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു അവരില്‍ ഭൂരിപക്ഷവും. സംഘത്തിന്റെ വിശ്വാസ്യത ആര്‍ജിക്കാനായി പൊലിസ് സംഘം ഏതാനും പഴയ നോട്ടുകള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചു കാട്ടിക്കൊടുക്കുകയും ചെയ്തു.
എന്നാല്‍ മാവേലിക്കരയില്‍ നിന്നാണു പുതിയ നോട്ടുകള്‍ എത്തേണ്ടതെന്നു വ്യക്തമാക്കിയ ഇവര്‍ ഇടനിലക്കാര്‍ മാത്രമാണെന്നു പൊലിസ് തിരിച്ചറിഞ്ഞു. യഥാര്‍ഥ ഇടപാടുകാര്‍ രംഗത്തു വരാന്‍ തയാറാകാതിരുന്നതിനാല്‍ ആ ശ്രമം വിഫലമായി. തുടര്‍ന്നാണു വണ്ടിപ്പെരിയാര്‍, കുമളി മേഖലകളിലുള്ള ഏതാനുംപേര്‍ പണം മാറ്റിയെടുക്കാന്‍ സഹായ വാഗ്ദാനവുമായി എത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
കട്ടപ്പനയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്താണ് ഇടപാടിനു വഴിയൊരുക്കിയത്. പഴയ നോട്ടുകള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചു സംഘത്തെ കാണിച്ചു ബോധ്യപ്പെടുത്തിയശേഷം പൊലിസ് സംഘത്തിനൊപ്പമുള്ള ചിലര്‍കൂടി എത്തിയതോടെ പണവും സ്വര്‍ണവും പുറത്തെടുക്കാന്‍ സംഘം മടിച്ചു. തുടര്‍ന്ന് 467 ഗ്രാം സ്വര്‍ണവും 2000 നോട്ടിന്റെ ഒരു ലക്ഷം രൂപയും പിടിച്ചെടുക്കുകയായിരുന്നു. ചെറുതോണി സ്വദേശി ബാബു ജോസഫ്, പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രംഗനാഥന്‍, കോന്നി മയൂരത്തില്‍ മധു, എരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്‍, മാവേലിമറ്റം സ്വദേശി രമേശ് നാരായണന്‍, പാവമേല്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണു പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."