കലി തുള്ളി കടല്‍; വ്യാപക നാശനഷ്ടം
പരപ്പനങ്ങാടി: കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പേ പരപ്പനങ്ങാടിയില്‍ കടല്‍ പ്രക്ഷുബ്ധമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നാണു കടല്‍ പ്രക്ഷുബ്ധമായത്. കെട്ടുങ്ങല്‍ മുതല്‍ ആലുങ്ങല്‍ ബീച്ച് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തിടങ്ങളിലേക്കു കടല്‍ കരയിലേക്ക് ഇരച്ചുകയറി. കടല്‍ ഭിത്തിയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ കടല്‍ ഭിത്തിയും തകര്‍ക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഇതേസമയത്തുണ്ടായ ആക്രമണത്തില്‍ ചാപ്പപ്പടിയില്‍ ഖബര്‍സ്ഥാനടക്കം നിരവധി മീന്‍ചാപ്പകളും ടിപ്പു സുല്‍ത്താന്‍ റോഡും കടലെടുത്തിരുന്നു. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളെ കണ്ടു കടല്‍ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ചു സ്ഥലം എംഎല്‍എ ആയിരുന്ന പി കെ അബ്ദുറബ്ബിന്റെ ശ്രമഫലമായി തുക വകയിരുത്തി താല്‍ക്കാലിക ഭിത്തി നിര്‍മിച്ചു ഖബര്‍സ്ഥാന്‍ സംരക്ഷിച്ചത്. ഇവിടെ കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പേ സ്ഥിരം കടല്‍ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ ഖബര്‍സ്ഥാന്‍ മുഴുവനായും കടലെടുക്കുമെന്ന ഭീതിയിലാണ്. തകര്‍ന്ന ടിപ്പു സുല്‍ത്താന്‍ റോഡ് സംരക്ഷണ ഭിത്തി കെട്ടി റോഡ് റബ്ബറൈസ്ഡാക്കി നന്നാക്കിയെങ്കിലും ഇനിയും സംരക്ഷണഭിത്തി കെട്ടാത്തിടങ്ങളിലേക്ക് കടല്‍ ഇരച്ചു കയറി റോഡ് തകരുമെന്ന ഭീതിയിലാണു തീരവാസികള്‍.
ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ കടലെടുത്തിരുന്നു .ഇവിടെയും അബ്ദുറബ്ബിന്റെ ശ്രമഫലമായി കടല്‍ ഭിത്തി നിര്‍മിച്ചിട്ടുണ്ട് . ഇനിയും ഭിത്തിയില്ലാത്തിടങ്ങളില്‍ എത്രയും പെട്ടെന്നു കടല്‍ ഭിത്തി നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."