തമിഴ്‌നാടിനെ നയിക്കാന്‍ ഇനിയാര്?
ജയലളിതയ്ക്കു ശേഷം ഇനിയെന്ത്? തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എല്ലാം പ്രവചനാതീതമാണ്. സാധ്യതകള്‍ മാത്രമാണ് അവിടെയുള്ളത്. ജയയുടെ അഭാവം എ.ഐ.എ.ഡി.എം.കെയിലും സര്‍ക്കാരിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കും. ജയയ്ക്ക് പകരം ആര് പാര്‍ട്ടിയെ നയിക്കുമെന്നതില്‍ കേന്ദ്രീകരിച്ചാകും തമിഴ് രാഷ്ട്രീയത്തിന്റെ ഗതി.
1. പനീര്‍ശെല്‍വം
ജയലളിതയുടെ വിശ്വസ്തനായ ഒ.പനീര്‍ശെല്‍വത്തിനാണ് ആദ്യ സാധ്യത. ജയലളിത മന്ത്രിസഭയിലെ രണ്ടാമനും ധനകാര്യമന്ത്രിയുമായ പനീര്‍ശെല്‍വത്തിനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല.
മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം തന്നെയാവും അധികാരകേന്ദ്രം എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ജയയില്ലാത്ത അണ്ണാ ഡി.എം.കെ വിനീതവിധേയനായ പനീര്‍ശെല്‍വത്തിന് പിന്നില്‍ അധികാര വടംവലിക്ക് ഇടംനല്‍കാതെ അണിനിരക്കുമെന്ന കാര്യം സംശയകരമാണ്.
2. തോഴി ശശികല
പൊതുപ്രവര്‍ത്തനത്തിലുടനീളം രഹസ്യസ്വഭാവം പുലര്‍ത്തിയിരുന്ന ജയലളിതയെയും തോഴി ശശികലയെയും ചുറ്റിപ്പറ്റി കഥകളേറെയുണ്ട്. പാര്‍ട്ടിയിലും ഭരണത്തിലും ശശികലയ്ക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്ന് പലരും കരുതുന്നു. ജയലളിത മന്ത്രിസഭയിലെ പല മന്ത്രിമാരും ശശികലയുടെ കൈകളിലാണ്. ജയക്കു ശേഷം ശശികല പിന്‍സീറ്റ് ഡ്രൈവിനു മുതിരുമോ എന്നതു കാത്തിരുന്നു കാണാം.
3. ബി.ജെ.പി
സീറ്റൊന്നുമില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. ജയലളിതയുടെ മരണത്തിനു തൊട്ടുപിന്നാലെ പൊന്‍ രാധാകൃഷ്ണനടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ചെന്നൈയിലേക്കു വിമാനം കയറിയത് ഈ ഒരു ഗൂഢലക്ഷ്യം മുന്നില്‍ കണ്ടാണ്. രാജാജിഹാളില്‍ ജയയുടെ മൃതദേഹത്തിനു തൊട്ടരികെ വെങ്കയ്യ നായിഡു അടക്കമുള്ളവര്‍ ഇന്നലെ രാവിലെ തന്നെ വരിനിന്നതും തമിഴ് രാഷ്ട്രീയത്തിലേക്കുള്ള കുറുക്കന്‍ കണ്ണുമായി തന്നെയാണ്. മൃതദേഹം കാണാന്‍ പ്രധാനമന്ത്രിയടക്കം പറന്നെത്തിയതും ഇതേ ലക്ഷ്യത്താലാണ്. ദ്രാവിഡ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ എ.ഐ.എ.ഡി.എംകെയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനും ബി.ജെ.പി മുതിരും. കേന്ദ്രത്തിലെ ഭരണം ഉപയോഗപ്പെടുത്തി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണു ബി.ജെ.പിയുടെ കളി. ഇത് ദേശീയ പാര്‍ട്ടികള്‍ക്ക് ഇടം കൊടുക്കാത്ത തമിഴക രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിക്കും.
4. ഡി.എം.കെ
ജയയ്ക്ക് ശേഷവും എ.ഐ.എ.ഡി.എം.കെ ഐക്യത്തോടെ പോകുകയാണെങ്കില്‍ അത് ഏറെ ആശങ്കയിലാക്കുക പ്രതിപക്ഷമായ ഡി.എം.കെയെയാവും. നിലവിലെ സഭ പിരിച്ചുവിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും അണ്ണാ ഡി.എം.കെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനിറങ്ങുകയും ചെയ്താല്‍ സഹതാപതരംഗം വലിയ ഭൂരിപക്ഷമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ഡി.എം.കെയുടെ ഇപ്പോഴത്തെ അംഗബലത്തെ അത് നിലംപരിശാക്കും.
അതുകൊണ്ടുതന്നെ ജയയ്ക്കു ശേഷം അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പുണ്ടാക്കി അവസരം മുതലെടുക്കാന്‍ ഡി.എം.കെ ശ്രമിക്കുമെന്നു തീര്‍ച്ച. നിലവില്‍ 98 സീറ്റുകളാണ് ഡി.എം.കെ സഖ്യത്തിനുള്ളത്.
234 അംഗ സഭയില്‍ 118 സീറ്റുകളാണ് ഭരണം രൂപീകരിക്കാന്‍ വേണ്ടത്. 134 സീറ്റുകളുള്ള എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ഡി.എം.കെ തുടങ്ങിക്കഴിഞ്ഞെന്നും വാര്‍ത്തയുണ്ട്.
5. കോണ്‍ഗ്രസ്
അടുത്ത കാലത്തൊന്നും കാര്യമായ സംഘടനാ സ്വാധീനമില്ലെങ്കിലും തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്തേക്കും. നിലവില്‍ ഡി.എം.കെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."