ചൈനയുടെ ധനകാര്യ നയത്തെ വിമര്‍ശിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ ചൈനയോടുള്ള സമീപനം എന്തായിരിക്കുമെന്ന് ആകാംക്ഷ ഉയര്‍ത്തി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലാണ് ചൈനയുടെ ധനകാര്യ നയത്തെയും, ദക്ഷിണ ചൈനാ കടലിലെ ഓപറേഷനുകളെയും വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
''നമ്മളോടു ചോദിച്ചിട്ടാണോ അവര്‍ കറന്‍സിയുടെ മൂല്യം കുറച്ചത്. വലിയ സൈനിക സന്നാഹങ്ങള്‍ ദക്ഷിണ ചൈനാ കടലില്‍ നിര്‍മിച്ചത്. എനിക്കു തോന്നുന്നില്ല''ട്രംപ് വിമര്‍ശിച്ചു. കഴിഞ്ഞയാഴ്ച തായ്‌വാന്‍ പ്രസിഡന്റുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം അവര്‍ അമേരിക്കയെ അറിയിക്കുകയും ചെയ്തു. ഇരുകൂട്ടര്‍ക്കും ഗുണകരമായ ബന്ധമാണ് ദീര്‍ഘനാളായി അമേരിക്കയും ചൈനയും പിന്തുടര്‍ന്നിരുന്നത് എന്ന് ട്രംപിന്റെ ഒടുവിലത്തെ ട്വീറ്റിനുള്ള മറുപടിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
''ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതോടെ അവരുമായി മത്സരിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നു. അവരുടെ രാജ്യത്തേക്കു പോകുന്ന നമ്മുടെ ഉത്പന്നങ്ങള്‍ക്ക് വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്തുമ്പോള്‍, അവരുടെ ഉത്പന്നങ്ങള്‍ക്ക് നികുതിയൊന്നും നമ്മള്‍ ഈടാക്കുന്നില്ല''ട്വിറ്ററില്‍ വിശദീകരിക്കുന്നു.
തായ്‌വാന്‍ പ്രസിഡന്റുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം 1979 നു ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റോ, നിയുക്ത പ്രസിഡന്റോ നടത്തുന്ന ആദ്യത്തെ സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.'ഒരു ചൈന'എന്ന് പതിറ്റാണ്ടുകളായി അമേരിക്ക തുടരുന്ന നയത്തിന്റെ വ്യതിചലനമല്ലെന്നും, തായ്‌വാനെ പരമാധികാര രാജ്യമായി അമേരിക്ക അംഗീകരിക്കുന്നില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
തായ്‌വാനു മേല്‍ ചൈന അവകാശപ്പെടുന്ന അവകാശവാദം അംഗീകരിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. ട്രംപിന്റെ ട്വിറ്റര്‍ കുറിപ്പുകളും, തായ്‌വാനോടുള്ള സമീപനവും പുതിയ ഭരണകൂടം ഏതു വഴിക്കാണ് പോകുന്നത് എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."