രാസവസ്തുക്കളുമായി കടന്നുപോകുന്ന ബാര്‍ജുകള്‍ ആശങ്ക പരത്തുന്നു
തൃപ്പൂണിത്തുറ: ചമ്പക്കര പുഴയിലൂടെ സുരക്ഷാ സന്നാഹങ്ങളില്ലാത്ത അമോണിയയും മറ്റ് രാസവസ്തുക്കളുമായി കടന്നുപോകുന്ന ബാര്‍ജുകള്‍ പുഴയുടെ ഇരുകരകളിലുള്ളവര്‍ക്ക് ആശങ്ക പരത്തുന്നു. നിയമങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍ പറത്തിയാണ് അമിത വേഗത്തില്‍ ബാര്‍ജുകള്‍ പുഴയിലൂടെ കടന്നുപോകുന്നത്. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് ഇവയുടെ വരവും പോക്കും.
പുഴയില്‍ രാത്രിയില്‍ വഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യതൊഴിലാളികള്‍ക്ക് ബാര്‍ജുകളുടെ സഞ്ചാരം ഭീതിയുണ്ടാക്കുന്നു. മത്സ്യബന്ധനം നടത്തുന്നവരുടെ വല, ഊന്നികുറ്റി, കമ്പവല എന്നിവയൊക്കെ തകര്‍ത്താണ് ഇവയുടെ സഞ്ചാരം. പലപ്പോഴും രാത്രികാലങ്ങളില്‍ ഇതിനെച്ചൊല്ലി മത്സ്യത്തൊഴിലാളികളുമായി തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ഫാക്ട് നേരിട്ട് നടത്തിയിരുന്നപ്പോള്‍ വാതകങ്ങളും രാസപദാര്‍ത്ഥങ്ങളുമായി വരുന്ന ബാര്‍ജുകളുടെ മുന്നില്‍ പൈലറ്റ് ബോട്ടുകള്‍ ഉണ്ടാകാറുണ്ട്. സൈറണ്‍ മുഴക്കിയുള്ള ഇവയുടെ വരവ് ഇരുകരകളിലുമുള്ളവര്‍ക്കും പുഴയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും അറിയാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് ബാര്‍ജുകളുടെ പ്രവര്‍ത്തനം നടക്കുന്നത്. അപകട സൈറണോ മറ്റ് മുന്നറിയിപ്പുകളോ ഇല്ലാതെ തോന്നുന്ന സമയത്താണ് ഇവ കടന്നുപോകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അമോണിയയും ഗന്ധകവും ജിപ്‌സവുമായി രാത്രി സമയത്തും സര്‍വീസ് നടത്തുന്ന ബാര്‍ജുകള്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. രാത്രിയില്‍ ഉറക്ക സമയത്താണ് ഈ അമോണിയ ചോര്‍ന്നിരുന്നതെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. തൈക്കുടം ഭാഗത്ത് വച്ച് ചോര്‍ച്ച ഉണ്ടായത് എങ്കിലും രൂക്ഷമായത് എരൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ്. വലിയ മനുഷ്യവാസമുള്ള കുന്നറ ദ്വീപിലേക്ക് ബാര്‍ജ് അടുപ്പിച്ചത് തന്നെ മുന്നോട്ട് പോകാന്‍ സ്ഥിതി അനുകൂലമല്ലാത്തതുകൊണ്ട് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."