ഉപ്പുംതുരുത്തിയിലെ കടത്തു വഞ്ചി നിശ്ചലമായിട്ട് മൂന്നു വര്‍ഷം
കയ്പമംഗലം: എടത്തിരുത്തി പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി കടവിലെ കടത്തു വഞ്ചി നിശ്ചലമായിട്ട് മൂന്ന് വര്‍ഷം. കനോലി കനാല്‍ വന്ന കാലം മുതല്‍ എടത്തിരുത്തിയിലേയും പടിയൂരിലേയും കര്‍ഷകര്‍ അങ്ങോട്ടുമിങ്ങോട്ടും വഞ്ചിയില്‍ പോകുന്നതിന് ഉപയോഗിച്ചിരുന്ന കടവാണ് ചെന്ത്രാപ്പിന്നി ഈസ്റ്റിന്റെ കിഴക്കേ അറ്റത്തുള്ള ഉപ്പും തുരുത്തി കടവ്. പഴയ കാലത്ത് എടത്തിരുത്തി, പടിയൂര്‍, കാട്ടൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ധാരാളം ആളുകള്‍ ഉപ്പുംതുരുത്തി കടവിലെ കടത്തു വഞ്ചിയെ ആശ്രയിച്ചിരുന്നു.
ആദ്യകാലങ്ങളില്‍ കടത്തു വഞ്ചി നടത്തിപ്പിന് വലിയ തുകക്ക് പഞ്ചായത്ത് ലേലം ചെയ്തു കൊടുക്കലായിരുന്നു പതിവ്. പിന്നീട് ലേലത്തിന് എടുക്കാനാളില്ലാതായപ്പോള്‍ പഞ്ചായത്ത് തന്നെ പണം മുടക്കി കടത്തു വഞ്ചിയുടെ പ്രവര്‍ത്തനം ഒരാളെ ഏല്‍പിക്കുന്ന അവസ്ഥയിലേക്കെത്തി. പക്ഷേ അതും അധിക കാലം നീണ്ടു പോയില്ല.
സാമ്പത്തികമായി മെച്ചമില്ലാത്തതിനാല്‍ കടത്തുകാരന് കടത്തു വഞ്ചിയുടെ നടത്തിപ്പുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ കടത്തു വഞ്ചി എന്നെന്നേക്കുമായി കരക്കു കയറി. കഴിഞ്ഞ മൂന്നു വര്‍ഷമായി കടത്തു വഞ്ചിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ ഇരു കരയിലേയും കര്‍ഷകരടക്കമുള്ളവര്‍ തീരാ ദുരിതത്തിലായി. ഇക്കരെ നിന്ന് നോക്കിയാല്‍ കാണുന്ന പ്രദേശത്തേക്ക് കടത്തു വഞ്ചിയില്ലാത്തതിനാല്‍ കാട്ടൂര്‍ ബസാര്‍ വഴി തേക്കുംമൂല വഴി ചുറ്റിത്തിരിഞ്ഞ് പടിയൂരിലെത്തി സ്വന്തം പ്രദേശത്തേക്ക് എത്തിച്ചേരേണ്ട ദുരവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്.
ചുരുക്കിപ്പറഞ്ഞാല്‍ കടത്തു വഞ്ചിയുണ്ടെങ്കില്‍ രണ്ടു മിന്‍ട്ടു കൊണ്ട് സാധിക്കുന്ന കാര്യത്തിന് പതിനഞ്ച് കിലോമീറ്ററോളം ചുറ്റിത്തിരിയണമെന്നര്‍ഥം. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കടത്ത് വഞ്ചിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടി പഞ്ചായത്ത് എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല കോതറയിലുള്ള കെ.എല്‍.ഡി.സി.കനാലില്‍ നിന്ന് ചിമ്മിനി ഡാമില്‍ നിന്ന് ഒഴുകി വരുന്ന ശുദ്ധജലം കനോലി കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കനോലി കാനാല്‍ നിറയെ കുള വാഴകളും പായലും നിറഞ്ഞ അവസ്ഥയാണ്. ഇതു കാരണം ഒരു വഞ്ചിക്ക് പോലും ഇതിലൂടെ നല്ല നിലയില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന ദു:ഖവും നാട്ടുകാര്‍ പങ്കു വെക്കുന്നു.
കനോലി കനാലില്‍ വ്യാപകമായി നിറഞ്ഞിട്ടുള്ള കുളവാഴകളും ചണ്ടികളും നീക്കം ചെയ്യുകയും മൂന്ന് വര്‍ഷമായി നിശ്ചലമായി കിടക്കുന്ന കടത്തു വഞ്ചിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്ത് ഇരു കരയിലേയും സാധാരണക്കാരുടെ വര്‍ഷങ്ങാളായുള്ള യാത്രാ പ്രതിസന്ധിയകറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."