സംസ്ഥാനത്ത് 4,800 സ്‌പെഷല്‍ അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 4,800 കലാ, കായിക അധ്യാപകരെ നിയമിക്കുന്നു. 814 യു.പി സ്‌കൂളുകളിലേക്കായി 2,514 പേരെയും ബാക്കി ഹൈസ്‌കൂളുകളിലുമാണ് നിയമിക്കുക. സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതി വഴി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് 28,000 രൂപ മാസ ശമ്പളം ലഭിക്കും.
ഒഴിവുകളുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തി നിയമിക്കാനുള്ളവരുടെ പട്ടിക എസ്.എസ്.എ തയ്യാറാക്കിയിട്ടുണ്ട്. ചിത്രരചന, സംഗീതം, നൃത്തം, നാടകം, കായിക പരിശീലനം, നീന്തല്‍, കരകൗശലം എന്നീ വിഭാഗങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഒരു സ്‌കൂളില്‍ നൂറു വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് നിയമനം. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളുള്ള 500 വിദ്യാര്‍ഥികളുള്ള ഒരു സ്‌കൂളില്‍ ഒരു സ്‌പെഷലൈസ് അധ്യാപകനെ നിയമിക്കണമെന്നതാണ് കെ.ഇ.ആര്‍ ചട്ടം.
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം എല്ലാ വര്‍ഷവും സ്‌കൂളുകളില്‍ കലാ, കായിക അധ്യാപകരെ നിയമിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോടികളാണ് നല്‍കുന്നത്. 2011-12 മുതല്‍ ഫണ്ടു നല്‍കിയിട്ടും സംസ്ഥാനത്ത് ഒരു സ്‌പെഷല്‍ അധ്യാപകനെ പോലും നിയമിച്ചില്ല. എസ്.എസ്.എ അനുവദിക്കുന്ന ഫണ്ട് വഴിമാറ്റി ചെലവഴിക്കുകയും ഫണ്ട് ലാപ്‌സാക്കുകയുമാണ് ചെയ്യുന്നത്.
2011 മുതല്‍ 2015 വരെ ഏതാണ്ട് 330 കോടിയാണ് ഇങ്ങനെ പാഴാക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം 280 കോടി പാഴാക്കി.
ഈ വര്‍ഷം സ്‌പെഷല്‍ അധ്യാപകരെ നിയമിക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഫണ്ട് ലാപ്‌സാക്കിയാല്‍ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുമെന്നും എസ്.എസ്.എയുടെ സംസ്ഥാന പദ്ധതി നിര്‍വഹണ ഓഫിസര്‍ വഴി കേന്ദ്രം അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."