പ്രവേശന പരീക്ഷ: ആശയക്കുഴപ്പം ഒഴിവാക്കണം
അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനപ്പരീക്ഷകളുടെ പ്രോസ്‌പെക്ടസും ചോദ്യക്കടലാസും തയാറാക്കേണ്ട സമയം അടുത്തെത്തിയിട്ടും സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ഇതുസംബന്ധിച്ച് ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഇത്തരം പരീക്ഷകള്‍ അനിശ്ചിതത്വത്തില്‍ നിര്‍ത്തേണ്ടവയല്ല. നിരവധി വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന പരീക്ഷയാണിത്.
അടുത്തവര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള കോഴ്‌സുകളിലേക്കു പ്രത്യേകം പ്രവേശനപ്പരീക്ഷ നടത്തണമെന്ന നിര്‍ദേശം ഒരുമാസം മുമ്പുതന്നെ പരീക്ഷാകമ്മിഷണര്‍ വിദ്യാഭ്യാസവകുപ്പിനു നല്‍കിയതാണ്. എന്നിട്ടും ശുഷ്‌കാന്തി കാണിച്ചില്ല. ഇപ്പോഴും സര്‍ക്കാര്‍ ഇതേക്കുറിച്ചു ഗൗരവപൂര്‍വം ആലോചിക്കാന്‍ തുടങ്ങിയിട്ടില്ലെന്നാണു മനസ്സിലാകുന്നത്. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കു ദേശീയ പൊതുപരീക്ഷ (നീറ്റ്)യാണു നടത്തേണ്ടത്. ഇതുസംബന്ധിച്ച സുപ്രിംകോടതി വിധി നേരത്തേ വന്നതാണ്.
അനുബന്ധകോഴ്‌സുകളായ ആയുര്‍വേദം, ഹോമിയോ, അഗ്രികള്‍ച്ചര്‍ തുടങ്ങിയ കോഴ്‌സുകളിലേക്കു പ്രത്യേകം പ്രവേശനപ്പരീക്ഷ നടത്തുകയും വേണം. ഇതുസംബന്ധിച്ചു പരീക്ഷാകമ്മിഷണര്‍ വളരെ മുമ്പുതന്നെ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതാണ്. ഈ കോഴ്‌സുകളിലേക്കു പ്രവേശനപ്പരീക്ഷ നടത്താന്‍ പരീക്ഷാ കമ്മിഷണര്‍ ശക്തിയായി ആവശ്യപ്പെട്ടതുമാണ്. എന്നാല്‍, നടപടിയൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതു വിസ്മയാവഹം തന്നെ.
ഡിസംബറില്‍ ചോദ്യക്കടലാസ് തയാറാക്കിയാല്‍ മാത്രമേ ജനുവരിയില്‍ പ്രോസ്‌പെക്ടസും ചോദ്യപേപ്പറും അച്ചടിക്കാന്‍ സാധിക്കൂ. ഡിസംബര്‍ 15നകം അച്ചടി തുടങ്ങാനായില്ലെങ്കില്‍ കൃത്യസമയത്ത് പ്രോസ്‌പെക്ടസും ചോദ്യക്കടലാസും ലഭ്യമാകില്ല. ആയുര്‍വേദം, ഹോമിയോ, അഗ്രികള്‍ച്ചര്‍ എന്നീ കോഴ്‌സുകളിലേക്കു നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനപ്പരീക്ഷ നടത്തണോ പ്രത്യേകം പ്രവേശനപ്പരീക്ഷ വേണോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിട്ടില്ല.
എം.ബി.ബി.എസ് കോഴ്‌സിലേക്കു ദേശീയപ്രവേശനപരീക്ഷ നടത്തിയപ്പോള്‍ അനുബന്ധകോഴ്‌സുകളിലേക്കു പ്രത്യേക പ്രവേശനപ്പരീക്ഷയാണു നടത്തിയിരുന്നത്. നേരത്തേ മൂന്നു നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു നടത്തിയ മെഡിക്കല്‍ അനുബന്ധ പ്രവേശനപ്പരീക്ഷ വിദ്യാര്‍ഥികളുടെ ബാഹുല്യത്താലും നഗരങ്ങളില്‍ പരീക്ഷയെഴുതുന്നതു ബുദ്ധിമുട്ടായതിനാലും ഗ്രാമങ്ങളടക്കം 330 കേന്ദ്രങ്ങളിലായാണു നടത്തിയത്. ഈ വിധം പരീക്ഷ എഴുതാമെന്ന നിര്‍ദേശം പരീക്ഷ കമ്മിഷണറായിരുന്നു മുന്നോട്ടുവച്ചത്.
പ്രവേശനപ്പരീക്ഷ നടത്തി തഴക്കവും പഴക്കവുമുള്ള പരീക്ഷാകമ്മിഷണര്‍ ജി.എസ് മാവോജി നവംബര്‍ 27 നു സ്ഥാനമൊഴിഞ്ഞതു കൂനിന്മേല്‍ കുരുവായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിനു കാലാവധി നീട്ടിക്കൊടുക്കുകയോ പരിചയസമ്പന്നനായ പകരക്കാരനെ നിയമിക്കുകയോ ചെയ്തില്ല. ജോയിന്റ് കമ്മിഷണര്‍ക്കാണു ചുമതല നല്‍കിയത്. കമ്മിഷണര്‍ ഓഫിസില്‍ ഡെപ്യൂട്ടേഷനില്‍ വന്ന അമ്പതോളം ജീവനക്കാര്‍ മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങിപ്പോയിരിക്കുന്നു. സീനിയര്‍ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പിരിഞ്ഞുപോവുകയും ചെയ്തു.
ചുരുക്കത്തില്‍, അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനപ്പരീക്ഷ അവതാളത്തിലായിരിക്കുകയാണ്. ഇത്തരമൊരു അവസരത്തില്‍ പ്രവേശനപ്പരീക്ഷാ നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാര്‍ സഗൗരവം ചിന്തിക്കേണ്ടിയിരിക്കുന്നു. എത്രയോ വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാരിന്റെ അനാസ്ഥകൊണ്ടു പന്താടപ്പെടരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."