ശശികല അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായ ശശികല നടരാജന്‍ താമസിയാതെ അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയാകുമെന്ന് ഉറപ്പായി. ഇതിനുള്ള മുന്‍ ഒരുക്കമെന്നോണമാണ് ശശികല നടരാജന്‍ ജയലളിതയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ പാര്‍ട്ടിനേതാക്കളോടും മന്ത്രിമാരോടും ഉദ്യോഗ്സ്ഥരോടും പെരുമായിത്. ജയലളിതയെ അമ്മയെന്നാണ് പാര്‍ട്ടി നേതാക്കള്‍ വിളിച്ചിരുന്നതെങ്കില്‍ ശശികല നടരാജനെ ചിന്നമ്മയെന്നാണ് വിളിച്ചിരുന്നത്.
ജയലളിതയുടെ പിന്‍ഗാമി താനാണെന്ന സ്വയം പ്രഖ്യാപനമാണ് ശശികല യഥാര്‍ഥത്തില്‍ രാജാജി ഹാളില്‍ നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ിലയിരുത്തുന്നു.
ശശികല ഇടയ്ക്ക് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തോടുപോലും കയര്‍ത്തു സംസാരിക്കുന്നതു കാണാമായിരുന്നു. ജയലളിത ആറ് തവണ മുഖ്യമന്ത്രിയായപ്പോഴും കൂടെ ശശികലയെ നിഴല്‍പോലെ കൊണ്ടുനടന്നിരുന്നു. വെറും വീഡിയോ കേസറ്റ് വില്‍പന നടത്തിയിരുന്ന ശശികല ഇന്ന് ആയിരത്തിലേറെ കോടി സ്വത്തിന്റെ ഉടമയാണ്.
പാര്‍ട്ടിയിലും ഗവണ്‍മെന്റിലും ശക്തമായ ആധിപത്യം സ്ഥാപിക്കാനാണ് ശശികലയുടെ നീക്കം. ഒ. പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയെങ്കിലും ശശികല പിന്നില്‍നിന്നു നിയന്ത്രിക്കുമെന്ന് തീര്‍ച്ചയാണ്. ജയലളിതയുടെ ശൈലി തന്നെ ശശികല തുടരും.
ജയലളിത നടപ്പിലാക്കിയ രാഷ്ട്രീയ തന്ത്രങ്ങളും വിരട്ടലുകളും ജനാധിപത്യത്തിന്റെ നിഴലില്‍ ചെയ്ത രാജഭരണവും ശശികല പിന്തുടരുമെന്നാണ് സൂചന. എന്നാല്‍ തേവര്‍ സമുദായക്കാരിയായ ശശികലയുടെ പാര്‍ട്ടി നേതൃത്വത്തിലേക്കുളള കടന്നുകയറ്റം പാര്‍ട്ടിയിലെ തന്നെ പ്രമുഖരായ നാടാര്‍, കൗണ്ടര്‍, വണ്ണിയര്‍ വിഭാഗക്കാര്‍ത്ത് ദഹിക്കില്ലെന്നുറപ്പാണ്.
അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുകൊണ്ട് ശശികല മുഖ്യമന്ത്രി പദമാണ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ വിലയിരുത്തുന്നത്. വരുംനാളുകളില്‍ അണ്ണാ ഡി.എം.കെയ്ക്ക് കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന് തീര്‍ച്ച.
അതിനിടയില്‍ തമിഴ് നടനും ജയലളിതയുടെ ഏറ്റവും അടുത്ത ആളുകളിലൊരാളുമായ അജിത് ബള്‍ഗേറിയയില്‍ നിന്നും തിരിച്ചെത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
എ.കെ 57 എന്ന പേരിലുള്ള സിനിമാ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ചെന്നൈയിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ശശികല പാര്‍ട്ടിയുടെ അധികാര കേന്ദ്രത്തിലേക്ക് ഉയര്‍ന്നാല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
തന്റെ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലും അധികാരത്തിലേറ്റി പനീര്‍ശെല്‍വത്തെ അട്ടിമറിക്കാനും ശശികല തയാറായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അധികാരം ശക്തിപ്പെടുത്തിയാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായേക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
നടന്‍ അജിത്
ജയലളിതയുടെ പിന്‍ഗാമി ?
ചെന്നൈ: പ്രശസ്ത തമിഴ് താരം അജിത് ജയലളിതയുടെ പിന്‍ഗാമിയായേക്കുമെന്ന് അഭ്യൂഹം. തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ നേരത്തെ അജിത്തിനേയും ജയലളിതയെയും ചുറ്റിപ്പറ്റി ഒട്ടേറെ വാര്‍ത്തകള്‍ മെനഞ്ഞെങ്കിലും ജയലളിതയില്‍നിന്നോ, അജിതില്‍നിന്നോ ഇതുസംബന്ധിച്ച് പ്രതികരണമുണ്ടായിരുന്നില്ല. ജയലളിത രോഗബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് നടന്‍ അജിതിനെ മാത്രമേ കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ ഏതു സമയത്തും പ്രവേശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന അജിതിനെ സ്വന്തം മകനെപോലെയാണ് ജയലളിത കണ്ടിരുന്നതെന്നും പറയുന്നുണ്ട്. ജയലളിതയുടെ മരണസമയം ഷൂട്ടിങ്ങുമായി ബല്‍ഗേറിയയിലായിരുന്നു അജിത്. പെട്ടെന്നു ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. ഇന്നലെ അജിത്തും ഭാര്യ ശാലിനിയും രണ്ട് മക്കളും ജയലളിതയുടെ സമാധിയിലെത്തി അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു. ജയലളിതയുടെ പിന്‍ഗാമിയായി തമിഴ് പത്രങ്ങള്‍ ഇന്നലെ അജിത്തിന്റെ പേര് ഉയര്‍ത്തിക്കാട്ടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."