പഠിച്ച സ്‌കൂളില്‍ മോഷണം നടത്തിയ കുട്ടിക്കള്ളന്‍ന്മാര്‍ പിടിയില്‍
കൊട്ടാരക്കര: അവധിക്കാലം ആഘോഷിക്കാന്‍ പഠിച്ച സ്‌കൂളില്‍ മോഷണം നടത്തിയ മൂന്ന് കുട്ടിക്കള്ളന്മാരെ പൊലിസ് പിടികൂടി. ഉമ്മന്നൂര്‍ അണ്ടൂര്‍ സ്വദേശികളായ മൂന്നംഗ സംഘമാണ് പിടിയിലായത്.
ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലാണ് മോഷണം നടന്നത്. ഇതേ സ്‌കൂളില്‍ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരുമാണ് സംഘത്തിലുള്ളത്. പത്ത് ദിവസത്തിനുള്ളില്‍ രണ്ട് തവണയായി ഇവര്‍ സ്‌കൂളില്‍ നിന്നും അഞ്ച് ലാപ് ടോപ്പുകളും പ്രൊജക്ടറും ആംപ്‌ളിഫയറും അനുബന്ധ സാമഗ്രികളും മോഷ്ടിച്ചു. ഒ.എല്‍.എക്‌സില്‍ പരസ്യം ചെയ്ത് ഓണ്‍ലൈനായി മോഷണ സാമഗ്രികള്‍ വില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ റൂറല്‍ എസ്.പി അജിതാ ബീഗത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ആന്റി തെഫ്റ്റ് സ്‌ക്വാഡും കൊട്ടാരക്കര പൊലിസും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയില്‍ അണ്ടൂരില്‍ സംഘടിച്ച ശേഷം രണ്ട് കിലോമീറ്റര്‍ ദൂരം കുറുക്കുവഴിയിലൂടെ നടന്നാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഗ്രില്ലിന്റെയും കതകിന്റെയും പൂട്ടുകള്‍ തകര്‍ത്താണ് അകത്ത് കടന്നത്. മോഷത്തിന് ശേഷം ബീഡിക്കുറ്റികള്‍ തറയില്‍ ഉപേക്ഷിച്ചു. മുതിര്‍ന്നവരാണ് മോഷ്ടിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇവര്‍ പൊലിസിനോട് പറഞ്ഞു. തൊണ്ടി സാധനങ്ങള്‍ പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."