ബാസ്‌കറ്റ്‌ബോള്‍ @ 125: കേരളത്തില്‍ അരങ്ങേറിയത് 90 വര്‍ഷങ്ങള്‍ക്ക് മുന്‍പ്
കോട്ടയം: 125 വര്‍ഷം മുന്‍പ് ആരംഭം കുറിച്ച ബാസ്‌കറ്റ് ബോള്‍ കേരളത്തിലെത്തിയിട്ടു തൊണ്ണൂറു വര്‍ഷങ്ങള്‍ തികയുന്നു. ജെയിംസ് നയ്‌സ്മിത്ത് രൂപം നല്‍കിയ കായികയിനമായ ബാസ്‌കറ്റ്‌ബോള്‍ 1891ലാണ് ആദ്യമായി കളിക്കാനാരംഭിച്ചത്.
അമേരിക്കയിലെ മെസച്ചുസെറ്റ്‌സിലെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലാണ് ആദ്യമായി ബാസ്‌കറ്റ് ബോള്‍ കളി നടന്നത്. ഇന്നു ലോകത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ് ബോള്‍ ലീഗായ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍.ബി.എ) അമേരിക്കയില്‍ അരങ്ങേറുന്നു.
1926ല്‍ കോട്ടയം താഴത്തങ്ങാടിയിലാണ് കേരളത്തില്‍ ആദ്യമായി ബാസ്‌കറ്റ്‌ബോള്‍ കളിച്ചു തുടങ്ങിയത്. വൈ.എം.സി.എയുടെ നേതൃത്വത്തിലാണ് ആദ്യത്തെ മത്സരം സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്നു ബാസ്‌കറ്റ്‌ബോള്‍ കേരളത്തില്‍ജനപ്രീതി നേടി. 26ല്‍ കോട്ടയത്തും അതിനു ശേഷം രണ്ടാം ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്തും അരങ്ങേറി.
ശ്രീ ചിത്ര ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് എന്ന പേരില്‍ തിരുവനന്തപുരത്തു നടന്ന പോരാട്ടത്തില്‍ കോട്ടയവും തിരുവനന്തപുരവും നാഗര്‍കോവിലും പുളിങ്കുന്നും മാറ്റുരച്ചു. 26ല്‍ ആരംഭം കുറിച്ചെങ്കിലും കേരളത്തില്‍ ബാസ്‌കറ്റ്‌ബോള്‍ സംഘടന രൂപീകരിക്കുന്നത് 1952ല്‍ ആണ്.
ട്രാവന്‍കൂര്‍-കൊച്ചിന്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ എന്ന പേരില്‍ ആരംഭിച്ച സംഘടനയ്ക്ക് രൂപം നല്‍കിയത് ട്രാവന്‍കൂര്‍ ഒളിംപിക്‌സ് പ്രസിഡന്റ് രാഘവന്‍ നായരായിരുന്നു. അദ്ദേഹം തന്നെ പ്രസിഡന്റിനേയും സെക്രട്ടറിയേയും നോമിനേറ്റ് ചെയ്തു.
ആദ്യ പ്രസിഡന്റായി കെ.ഇ ഈപ്പനും സെക്രട്ടറിയായി പരമേശ്വരന്‍ പിള്ളയും സ്ഥാനമേറ്റു. പിന്നീട് കേരളപ്പിറവിക്കു ശേഷം കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ എന്ന പേരിലായി സംഘടന. പിന്നീട് ഘട്ടംഘട്ടമായി ബാസ്‌കറ്റ്‌ബോള്‍ വളര്‍ച്ച നേടുന്ന കാഴ്ചയായിരുന്നു കേരളത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."