അബ്ദുല്‍ ഖാദര്‍ വധം: പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു
ബോവിക്കാനം: പൊവ്വലിലെ അബ്ദുല്‍ ഖാദറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ പൊലിസ് തെളിവെടുപ്പിനായി കൊണ്ടുവന്നു. മുഖ്യ പ്രതി ബോവിക്കാനം മുതലപാറയിലെ നസീര്‍(33), ബോവിക്കാനം ബാലനടുക്കം ബി.കെ ഹൗസിലെ സാലി(26) എന്നിവരെയാണ് ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബദിയഡുക്കയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ശേഷം ബദിയഡുക്ക വഴി രക്ഷപെട്ട മുഖ്യപ്രതി നസീര്‍ ബദിയഡുക്ക റോഡരികിലെ ഓവുച്ചാലില്‍ ഉപേക്ഷിച്ച വധിക്കാന്‍ ഉപയോഗിച്ച കത്തിയും ചോര പുരണ്ടവസ്ത്രവും പൊലിസ് കണ്ടെടുത്തു. കൊല നടന്നതിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന നസീര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചേ നാട്ടിലെക്ക് വരുന്നതിനിടെയാണ് പൊലിസ് പിടിയിലായത്. മറ്റൊരു പ്രതിയായ സാലിയെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. സാലിയെ തിരിച്ചറിയല്‍ പരേഡിനു ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു. കേസില്‍ മൊത്തം ആറു പേരുണ്ടെന്ന് പൊലിസ് പറഞ്ഞു. മറ്റു നാലു പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം ഒന്നിന് വൈകുന്നേരം ബോവിക്കാനം ടൗണില്‍ വച്ചാണ് അബ്ദുല്‍ ഖാദര്‍ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കളായ പൊവ്വലിലെ അസിയാദ്, സത്താദ് അനസ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."