തകര്‍ന്ന ഹെലികോപ്ടറിലെ സൈനികനെ രണ്ടാഴ്ചയ്ക്കുശേഷം ജീവനോടെ കണ്ടെത്തി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കാട്ടിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സൈനികനെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ യൊഹാനസ് സ്യാഹ്പുത്രയെയാണ് അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഇന്ത്യോനേഷ്യയിലെ ഉള്‍പ്രദേശമായ ബോര്‍ണിയോ ദ്വീപിലെ കാട്ടിലാണ് സൈനിക ഹെലികോപ്ടര്‍ രണ്ടാഴ്ച മുമ്പ് തകര്‍ന്നു വീണത്.
അരക്കെട്ടിലും കൈയിലും കാലിലും ഗുരുതരമായി പരുക്കേറ്റ യൊഹാനസ് രണ്ടാഴ്ചയായി ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലാണ് ജീവന് വേണ്ടി പോരാടിയത്. പ്രദേശവാസികള്‍ സൈന്യത്തെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നവംബര്‍ 24ന് അഞ്ച് സൈനിക ഉദ്യോഗസ്ഥരുമായി നിരീക്ഷണ പറക്കലിന് പോയ ബെല്‍ 412 ഹെലികോപ്ടര്‍ ബോര്‍ണിയന്‍ കാടുകളില്‍ കാണാതാവുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപട്റിന് സൈനിക കേന്ദ്രവുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു.
മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ തകര്‍ന്നു വീണ ഹെലികോപ്ടര്‍ ഇന്ത്യോനേഷ്യന്‍ സൈന്യം കണ്ടെടുത്തു. മൂന്ന് പേരെ മരിച്ച നിലയിലും ഒരു സൈനികനെ ജീവനോടെയും ഹെലികോപ്ടറിന് സമീപം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."