ജീവനക്കാര്‍ക്ക് അഴിമതിവിരുദ്ധ പരിശീലനം നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ അഴിമതി വിരുദ്ധരാക്കാന്‍ പുതുതായി സര്‍ക്കാര്‍ സര്‍വിസിലേക്കെത്തുന്ന എല്ലാവര്‍ക്കും ഒരാഴ്ചത്തെ അഴിമതിവിരുദ്ധ സദ്ഭരണത്തിനുള്ള പരിശീലനം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കേ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.വിജിലന്‍സ് യൂനിറ്റുകളിലെ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് വിങ്ങുകളില്‍ ഫെബ്രുവരിയോടെ പരിശീലനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിച്ച അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി വെളിച്ചത്തുകൊണ്ടുവരാനായി വിജിലന്‍സ് തയ്യാറാക്കിയ എറൈസിങ് കേരള, വിസില്‍ നൗ എന്നീ രണ്ട് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഇവ ഏറെ ഉപകാരപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അഴിമതി വെളിച്ചത്തുകൊണ്ടുവരാനായി പ്രയത്‌നിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസില്‍ ബ്ലോവര്‍ അവാര്‍ഡ് അഴിമതിക്കെതിരായി നടത്തുന്ന അതിശക്തമായ പോരാട്ടത്തിന്റെ ഭാഗമായി കാണണം. അഴിമതി വിമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുന്നത്. അഴിമതി നടന്നതിനുശേഷം അന്വേഷിക്കുക എന്ന പരമ്പരാഗത രീതിക്കു പകരം അഴിമതിക്ക് അവസരം നല്‍കാതെ അഴിമതിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യുക എന്ന നൂതന രീതി അവലംബിച്ച് ക്രിയേറ്റീവ് വിജിലന്‍സ് എന്ന സങ്കല്‍പമാണ് നാം പിന്തുടരുന്നത്.
പരാതി ലഭിച്ചാല്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് ബാധ്യതയുണ്ട്. അന്വേഷണം ആരംഭിച്ചാല്‍ ഉടനെ അനാവശ്യ പ്രചരണം നടത്തി അന്വേഷണവിധേയരെ ക്രൂശിക്കുന്നത് അനീതിയാണ്. അന്വേഷണത്തിലൂടെ കുറ്റം തെളിഞ്ഞ ശേഷമാണ് വലിയ പ്രചരണം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ അവകാശം പോലെയാണ് അഴിമതിയെ കാണുന്നത്. സാധാരണ ജനങ്ങള്‍ ജീവിതം ദുസ്സഹമാകുമ്പോള്‍ സര്‍ക്കാര്‍ ഓഫിസില്‍ കൊടുക്കുന്ന പരാതികള്‍ പരിഹരിക്കാതെ അനാവശ്യ തടസവാദങ്ങള്‍ ഉയര്‍ത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തണം.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അഴിമതി വിരുദ്ധതയിലൂന്നിയ വിദ്യാഭ്യാസമൂല്യങ്ങള്‍ നടപ്പിലാക്കണംമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."