നാക് റീഅക്രെഡിറ്റേഷനില് കൊല്ലം എസ്.എന്‍ കോളജിന് 'എ' ഗ്രേഡ്
കൊല്ലം: ശ്രീനാരായണ കോളജില്‍ നടന്ന നാക് റീഅക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ഫലസൂചിക പുറത്തു വന്നപ്പോള്‍ എ ഗ്രേഡോടെ കോളജ് ദേശീയ നിലവാരത്തിലേക്കുയര്‍ന്നു. കഴിഞ്ഞ നവംബര്‍ 7, 8, 9 തിയതികളിലാണ് നാക്ക് വിദഗ്ധ സംഘം കോളജില്‍ പരിശോധനയ്ക്കെത്തിയത്. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ മറാത്താവാല സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. ബി.എ ചോപ്ഡെ ചെയര്‍മാനായുള്ള മൂന്നംഗ സമിതിയുടെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായാണ് നാക് എ ഗ്രേഡ് ലഭിച്ചിരിക്കുന്നത്. സമതിയില്‍ ബാംഗ്ലൂര്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ.എം.വിമല മെമ്പര്‍ കോ-ഓര്‍ഡിനേറ്ററും ഗോവയിലെ വി.വി.എം.എസ്. ശ്രീ ദാമോദര്‍ കോളജ് ഓഫ് കൊമേഴ്സ് ആന്റ് ഇക്കണോമിക്സ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഐ. ഭാനുമൂര്‍ത്തി സമിതി അംഗവുമായിരുന്നു. ശ്രീനാരായണ ട്രസ്റ്റിന്റെ കീഴില്‍ ഒന്നാമത്തെ കലാലയമായി പ്രവര്‍ത്തനമാരംഭിച്ച കോളജ് സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജുകളില്‍ ഒന്നാണ്.
അവലോകന റിപ്പോര്‍ട്ടിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം കോളജ് നടത്തിയ ദേശീയ അന്തര്‍ദേശീയ സെമിനാറുകളും, ഗവേഷണപ്രവര്‍ത്തനങ്ങളും ഏറെ സ്വാധീനം ചെലുത്തി.ഗവേഷണപ്രബന്ധങ്ങള്‍, ബിരുദ-ബിരുദാനന്തര ബിരുദതലത്തില്‍ നേടിയ റാങ്കുകള്‍, വിവിധ മത്സരപരീക്ഷകളിലെ മികവാര്‍ന്ന മുന്നേറ്റം തുടങ്ങിയവയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കോളജിന് ലഭിച്ച ഈ അംഗീകാരത്തിന് സഹായസഹകരണങ്ങള്‍ നല്കിയ കോളജ് മാനേജ്മെന്റ്, അധ്യാപക-അനധ്യാപക വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥി സംഘടന, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ബി മനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."