നോട്ട് പിന്‍വലിക്കല്‍ ഏറ്റവുംവലിയ മനുഷ്യാവകാശ ധ്വംസനം: സുധീരന്‍
തിരുവനന്തപുരം: സാധാരണ മനുഷ്യരുടെ ജീവിതത്തേയും നാടിന്റെ സമ്പദ്‌വ്യവസ്ഥയേയും സാമ്പത്തിക സംവിധാനങ്ങളേയും നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ അട്ടിമറിച്ച നരേന്ദ്രമോദി ഏറ്റവുംവലിയ മനുഷ്യാവകാശ ധ്വംസനമാണ് നടത്തിയതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ .
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.ഗില്‍ബര്‍ട്ടിന്റെ 22-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തിരുവനന്തപുരം കുറവന്‍കോണം ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പണം കൈകാര്യം ചെയ്യാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കുകയും അവരെ ദുരിതത്തിലേക്കു തള്ളിവിടുകയും ചെയ്ത നരേന്ദ്രമോദിക്കു ജനങ്ങള്‍ മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമാന്യ നീതിപോലും നിഷേധിക്കപ്പെട്ട ജനങ്ങള്‍ ഇനി സുപ്രീംകോടതിയിലാണ് പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളത്. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയ നരേന്ദ്രമോദി ഭാവിയില്‍ ജനകീയ വിചാരണയും നിയമനടപടികളും നേരിടേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പു നല്‍കി.
വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നാരായണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, കെ.മുരളീധരന്‍ എം.എല്‍.എ, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എം.എ.വാഹിദ്, വര്‍ക്കല കഹാര്‍, ജോര്‍ജ് മേഴ്‌സിയര്‍ എന്നിവരും പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."