വീട്ടുതടങ്കലിലായ ഒഡിഷ സ്വദേശിയെ മോചിപ്പിച്ചു
ആലക്കോട്(കണ്ണൂര്‍):ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി. പതിനാറാമത്തെ വയസിലാണ് ഒഡീഷ സ്വദേശിയായ സുനില്‍ കാര്‍ത്തികപുരത്തെ അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കെത്തുന്നത്. രണ്ടുവര്‍ഷവും നാലു മാസവുമായി വീടിന്റെ മതില്‍കെട്ടിനു പുറത്തുപോലും പോകാന്‍ അനുവാദം ഇല്ലായിരുന്നുവത്രെ. അതിരാവിലെ മുതല്‍ ഇരുട്ടുവോളം വീടിനോടു ചേര്‍ന്ന കൃഷിയിടത്തില്‍ പണിയെടുക്കണം.
വല്ലപ്പോഴും ഭക്ഷണം നല്‍കും. ഇതൊഴിച്ചാല്‍ ഇതുവരെ ഒരു രൂപപോലും കൂലിയിനത്തില്‍ വീട്ടുകാര്‍ നല്‍കിയിട്ടില്ലെന്നും മാതാപിതാക്കളെ കാണാന്‍ വീട്ടിലേക്കു പോകണമെന്ന് കരഞ്ഞുപറഞ്ഞിട്ടും അഭിഭാഷകനും സഹോദരനും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നും സുനില്‍ പറയുന്നു. സുനിലിന്റെ കഷ്ടപ്പാടുകള്‍ കണ്ട അയല്‍വാസികളാണു പൊലിസില്‍ വിവരം അറിയിച്ചത്. വൈകുന്നേരം 6.30ഓടെ വീട്ടിലെത്തിയ പൊലിസ് ഇരുട്ടിലും ജോലിചെയ്യുന്ന സുനിലിനെയാണു കണ്ടത്.
കൃഷിയിടത്തിലെ ജോലിക്കുശേഷം വീട്ടുജോലിയും കഴിഞ്ഞ് വിശ്രമിക്കണമെങ്കില്‍ രാത്രി 11 മണിയെങ്കിലും ആകുമെന്നു സുനില്‍ പൊലിസിനു മൊഴിനല്‍കി. വീട്ടിലേക്കയക്കാന്‍ പണം ആവശ്യപെട്ടപ്പോഴെല്ലാം മര്‍ദനമായിരുന്നുവെന്നും കൈയില്‍ പണമില്ലാത്തതിനാല്‍ രക്ഷപ്പെടാനായില്ല. സ്വസ്ഥമായി അന്തിയുറങ്ങാന്‍ പോലും ഇടം ഒരുക്കാതെ മൃഗീയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സുനിലിനെ പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. അഭിഭാഷകനും സഹോദരനുമെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."