ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഏഴിന് 451 റണ്‍സെന്ന നിലയില്‍
മുംബൈ: ഒരിക്കല്‍ കൂടി തന്റെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങുമായി നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ഇന്നിങ്‌സിനെ കരുത്തുറ്റതാക്കി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്‌ലി (പുറത്താകാതെ 147), മുരളി വിജയ് (136) എന്നിവരുടെ കിടയറ്റ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ലീഡ് സ്വന്തമാക്കി മുന്നേറുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ 400 റണ്‍സിനു മറുപടിയായി ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെന്ന നിലയില്‍. ആതിഥേയര്‍ക്ക് 51 റണ്‍സിന്റെ ലീഡ്. നായകന്‍ കോഹ്‌ലിക്കൊപ്പം 30 റണ്‍സുമായി ജയന്ത് യാദവാണ് ക്രീസില്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പൂജാരയെ നഷ്ടമായി. തലേ ദിവസമെടുത്ത 47 റണ്‍സില്‍ ഒരു റണ്‍ പോലും ചേര്‍ക്കാന്‍ കഴിയാതെയാണ് പൂജാര മടങ്ങിയത്. ഒരറ്റത്ത് മികച്ച ഫോമില്‍ നിന്ന വിജയിക്കൊപ്പം മൂന്നാം വിക്കറ്റില്‍ കോഹ്‌ലി ചേര്‍ന്നതോടെ കളിയിലേക്ക് ഇന്ത്യ മടങ്ങിയെത്തി. മികച്ച ഷോട്ടുകളുമായി ഇരുവരും കളം നിറഞ്ഞു. അതിനിടെ വിജയ് തന്റെ എട്ടാം ടെസ്റ്റ് ശതകം പിന്നിട്ടു. സ്‌കോര്‍ 262ല്‍ എത്തിയപ്പോള്‍ വിജയ് മടങ്ങി. 282 പന്തുകള്‍ നേരിട്ട് വിജയ് 10 ഫോറും മൂന്നു സിക്‌സും പറത്തി 136 റണ്‍സെടുത്തു. നായകനുമൊത്ത് മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ക്കാനും ഇന്ത്യന്‍ ഓപണര്‍ക്ക് സാധിച്ചു.
ഒരറ്റത്ത് കോഹ്‌ലി നിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. കരുണ്‍ നായര്‍ (13), പാര്‍ഥിവ് പട്ടേല്‍ (15), അശ്വിന്‍ (പൂജ്യം) എന്നിവര്‍ അധികം നിന്നില്ല. ജഡേജ 25 റണ്‍സുമായി കോഹ്‌ലിക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. പിന്നീട് ജയന്ത് യാദവ് കോഹ്‌ലിക്കൊപ്പം ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യന്‍ സ്‌കോര്‍ 400ഉം 450ഉം കടത്തി. പിരിയാത്ത എട്ടാം വിക്കറ്റില്‍ കോഹ്‌ലി- ജയന്ത് സഖ്യം 87 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ചേതോഹരമായ ഇന്നിങ്‌സാണ് കോഹ്‌ലി വാംഖഡെയില്‍ പുറത്തെടുത്തത്. ആധികാരികവും പക്വവുമായ ഇന്നിങ്‌സായിരുന്നു നായകന്റേത്. കരുതലോടെ തുടങ്ങിയ കോഹ്‌ലി 83 പന്തുകളില്‍ ഒരു ബൗണ്ടറി പോലും നേടാതെ സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി. ആദ്യ 50 റണ്‍സിലെത്താന്‍ 111 പന്തുകള്‍ നേരിട്ട നായകന്‍ രണ്ടാം 50ലേക്ക് 76 പന്തുകള്‍ മാത്രമാണ് എടുത്തത്. സ്‌കോര്‍ 68ല്‍ നില്‍ക്കേ ആദില്‍ റഷീദിന്റെ പന്തില്‍ റിട്ടേണ്‍ ക്യാചിനുള്ള അവസരം നല്‍കിയതൊഴിച്ചാല്‍ കുറ്റമറ്റ ഇന്നിങ്‌സുമായാണ് കോഹ്‌ലി കളം വാണത്. 241 പന്തുകളില്‍ നിന്നു 17 ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 147 റണ്‍സിലെത്തിയത്.
ഇംഗ്ലണ്ടിനായി മോയിന്‍ അലി, ആദില്‍ റഷീദ്, ജോ റൂട്ട് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ജാക് ബാള്‍ ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."