കേരളമുഖ്യമന്ത്രിയെ ഭോപ്പാലില്‍ തടഞ്ഞ സംഭവം:ആര്‍.എസ്.എസ് ഫാസിസ്റ്റ് സംസ്‌കാരത്തിന്റെ തെളിവെന്ന് നവയുഗം സാംസ്‌കാരികവേദി
ദമ്മാം: മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിന്റെ പേരില്‍ തടഞ്ഞ നടപടി ഇന്ത്യയില്‍ ഉടനീളം ആര്‍.എസ്.എസ് പിന്തുടരുന്ന ജീര്‍ണ്ണിച്ച വര്‍ഗ്ഗീയ ഫാസിസ്റ്റ് സംസ്‌കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു.
കേരള മുഖ്യമന്ത്രി പ്രസംഗിച്ചാല്‍ അതിനെതിരെ ആര്‍.എസ്.എസ്സുകാര്‍ അക്രമമുണ്ടാക്കുമെന്നും, ക്രമസമാധാനത്തകര്‍ച്ചയുണ്ടാവുമെന്നും പറഞ്ഞാണ് മധ്യപ്രദേശ് പൊലിസ് തടഞ്ഞത്. സംഘപരിവാര്‍ നിയന്ത്രിയ്ക്കുന്ന മധ്യപ്രദേശ് പൊലിസിന്റെ ഈ നടപടി, ഇന്ത്യന്‍ ജനാധിപത്യത്തിനും, ഫെഡറലിസത്തിനും, കേരള സംസ്ഥാനത്തിനും ഏറ്റ അപമാനമാണ്. ഈ നടപടിയില്‍ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആരെങ്കിലും എവിടെയായാലും, അക്രമമുണ്ടാക്കുമെന്ന് കണ്ടാല്‍ അവരെ തടയുകയും, അവര്‍ക്കെതിരെ നടപടിയെടുക്കുകയുമാണ് ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ അത് ചെയ്യാതിരിക്കുമ്പോള്‍, അവിടെ ഒരു സര്‍ക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതേണ്ടതായി വരുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് പോലും സംരക്ഷണം നല്‍കാനാവാത്ത മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കേന്ദ്രം നടപടിയെടുക്കുകയാണ് വേണ്ടത്.
ബി.ജെ.പി വടക്കേ ഇന്ത്യന്‍ നേതാക്കള്‍ കേരളത്തില്‍ പലപ്രാവശ്യം വന്നപ്പോഴും, സമ്മേളനങ്ങള്‍ നടത്തിയപ്പോഴും ഒന്നും ഒരു പ്രതിഷേധവും കേരളജനത അവരോട് കാട്ടിയിട്ടില്ല. ബി.ജെ.പി കേന്ദ്രനേതാക്കന്മാര്‍ക്ക് അടക്കം കേരളത്തില്‍ ഉള്ളപ്പോഴെല്ലാം, വേണ്ടത്ര പോലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കി കൊടുക്കാന്‍ കേരള സര്‍ക്കാരുകള്‍ എന്നും ജാഗ്രത കാട്ടിയിട്ടുമുണ്ട്. ആതിഥ്യമര്യാദയുടെ അര്‍ത്ഥം പോലുമറിയാത്ത സംഘപരിവാര്‍ അക്രമികള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം ഗുരുതരമായ ഒരു പ്രോട്ടോക്കോള്‍ നിയമലംഘനമായി കാണേണ്ടതുണ്ട്. അതിനാല്‍ തന്നെ അതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
ഓരോ ഇന്ത്യക്കാരനും ഇന്ത്യയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിയ്ക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ആര് എന്ത് കഴിയ്ക്കണം, എന്ത് പറയണം എന്ന് മാത്രമല്ല, എങ്ങനെ സഞ്ചരിയ്ക്കണം എന്നൊതൊക്കെ ആര്‍.എസ്.എസ് തീരുമാനിയ്ക്കുന്ന ഒരു അവസ്ഥയാണ് ഇന്ത്യയില്‍ ഇന്നുണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. അതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ജാഗരൂകരാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."