മുഖ്യമന്ത്രിക്കെതിരെ മധ്യപ്രദേശിലുണ്ടായ പ്രതിഷേധത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മധ്യപ്രദേശിലുണ്ടായ പ്രതിഷേധത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും സുരക്ഷ ഒരുക്കാത്ത ആളുകളാണ് മധ്യപ്രദേശിലെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ നിന്നും ആര്‍എസ്എസ് ഭീഷണി ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായാണ് കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നത്.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശില്‍ പരിപാടി നടക്കുന്നയിടത്ത് പ്രതിഷേധം ഉണ്ടെന്ന് പൊലീസ് പിണറായിയെ അറിയിക്കുകയും സംരക്ഷണം ഒരുക്കാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നെന്നും കുമ്മനം വ്യക്തമാക്കി.
മധ്യപ്രദേശില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ആര്‍എസ്എസിന്റെ സംസ്‌കാരമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. പിണറായിക്കെതിരെയുളള നടപടി പ്രതിഷേധാര്‍ഹമാണെന്നും ഫെഡറല്‍ മര്യാദയുടെ ലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.
കൂടാതെ സംസ്ഥാനമെമ്പാടും പ്രതിഷേധങ്ങളും യോഗങ്ങളും നടത്താന്‍ സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത് കളളമാണെന്ന് വരുത്തി തീര്‍ക്കാനും ആര്‍എസ്എസ് നടപടിയെ ന്യായീകരിക്കാനും കുമ്മനം ശ്രമിക്കുന്നത്.
മഹാരാഷ്ട്രയിലെ ഭോപ്പാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ യാത്രാമധ്യേ പൊലീസ് തടഞ്ഞത്.
സമ്മേളനവേദിയായ ഭോപാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പോകുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രതിഷേധമുണ്ടാകുമെന്ന് പൊലീസ് പിണറായിയെ അറിയിച്ചത്.
പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്പിയുടെ നിര്‍ദേശമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.
മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിലക്കിയാല്‍ അക്കാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്ന് അറിയിച്ച് പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."