പാര്‍ലമെന്റ് സ്തംഭനം ജനാധിപത്യത്തിന് ഹാനികരം
പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കുമെന്നതില്‍ സംശയമില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത്രയേറെ ദിവസങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കുമുണ്ട്.
എം.പിമാര്‍ തങ്ങളുടെ ജോലി ചെയ്യണമെന്നും സഭാ സ്തംഭനം ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാഷ്ട്രപതി പോലും വ്യക്തമാക്കി. എന്നിട്ടും വിട്ടുവീഴ്ചക്ക് ഭരണപക്ഷവും പ്രതിപക്ഷവും തയാറാകുന്നില്ല.
ശീതകാല സമ്മേളനം ചര്‍ച്ചയില്ലാതെ സമാപിക്കുമ്പോള്‍ അതിന്റെ നഷ്ടം സഹിക്കേണ്ടതും ജനങ്ങള്‍ തന്നെ. പാര്‍ലമെന്റില്‍ പാഴാകുന്ന ഓരോ മിനിറ്റിനും 29,000 രൂപ വീതമാണു രാജ്യത്തിനു നഷ്ടമാവുന്നത്. പരിമിതമായ ദിവസങ്ങളിലാണു സഭ സമ്മേളിക്കുന്നതുതന്നെ.
അത് ഇപ്രകാരം ബഹളത്തില്‍ മുങ്ങി പ്രയോജനരഹിതമാകുമ്പോള്‍, അത്യന്താപേക്ഷിതമായ പല ചര്‍ച്ചകളും മുടങ്ങുകയും സമ്മേളനം രാജ്യത്തിനു കോടികളുടെ നഷ്ടം മാത്രമായിത്തീരുകയും ചെയ്യുന്നു.
സുപ്രധാനമായൊരു നടപടിയുടെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ചു പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിനെതിരേ സര്‍ക്കാര്‍ മുഖംതിരിക്കാന്‍ പാടുള്ളതല്ല. നോട്ട് റദ്ദാക്കല്‍ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങളാണു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
നോട്ടു റദ്ദാക്കല്‍ ഒരു മണ്ടന്‍ നടപടിയായിപ്പോയെന്ന പ്രതിപക്ഷ ആരോപണത്തെ പാര്‍ലമെന്റില്‍ കാര്യകാരണസഹിതം ഖണ്ഡിക്കാന്‍ ഭരണപക്ഷത്തിനു കഴിയുന്നുമില്ല.
ജനാധിപത്യ മര്യാദപ്രകാരം, പ്രധാനമന്ത്രിയും ഭരണകക്ഷിയുമാണ് പ്രശ്‌നപരിഹാരത്തിന് മുന്നോട്ടു വരേണ്ടത്. അതിനപകരം തന്റെ ഗീര്‍വാണ പ്രസംഗവുമായി ഊരു ചുറ്റാനാണ് അദ്ദേഹത്തിന് താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."