സര്‍ക്കാര്‍ റെസ്റ്റ് ഹൗസ് ഉപയോഗം: ജോമോന്‍ പുത്തന്‍പുരക്കലിനെതിരേ ധനകാര്യ പരിശോധനാ വിഭാഗം
തിരുവനന്തപുരം: സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകള്‍ ദുരുപയോഗം ചെയ്തുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസില്‍ അനധികൃതമായി താമസിച്ചതിന് ജോമോനില്‍ നിന്നും 13 ലക്ഷത്തോളം രൂപ ഈടാക്കണമെന്നും സര്‍ക്കാരിന് ധനകാര്യ വകുപ്പ് ശുപാര്‍ശ നല്‍കി. എറണാകുളം റെസ്റ്റ് ഹൗസില്‍ ജോമോന്‍ അനധികൃതമായി മുറി കൈവശം വച്ചുവെന്നാണ് കണ്ടെത്തല്‍. 2008 ഡിസംബര്‍ ഒന്നു മുതല്‍ 2016 ജൂണ്‍ 23വരെ എറണാകുളം റെസ്റ്റ് ഹൗസിലെ 17ാം നമ്പര്‍ എ.സി മുറിയില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ അനധികൃതമായി താമസിച്ചിട്ടുണ്ട്. 771 ദിവസം താമസിച്ചപ്പോള്‍ 14,12,050 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. എന്നാല്‍ നല്‍കിയതാകട്ടെ 1,30,600 രൂപ മാത്രം. എറണാകുളം റെസ്റ്റ്ഹൗസിലെ മറ്റൊരുമുറിയില്‍ 389ദിവസം താമസിച്ച വകയില്‍ 45,450 രൂപയും തിരുവനന്തപുരം റെസ്റ്റ് ഹൗസില്‍ 866 ദിവസം താമസിച്ച വകയില്‍ 42,670 രൂപയും ഈടാക്കാനുണ്ട്. അടക്കേണ്ട തുക സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്ത് ഈടാക്കണമെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കു വരുന്ന കത്തുകള്‍ എറണാകുളം റെസ്റ്റ് ഹൗസിലേക്ക് തിരിച്ചു വിടണമെന്ന് കാണിച്ച് നീണ്ടൂര്‍ പോസ്റ്റ്മാസ്റ്റര്‍ക്ക് ജോമോന്‍ കത്തു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു വഴി സ്വന്തം മേല്‍വിലാസം പോലും പൊതുമരാമത്ത് റെസ്റ്റ്ഹൗസിന്റേതാക്കി മാറ്റി. തല്‍പരകക്ഷികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ വിജിലന്‍സ് കോടതിയില്‍ അധനികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ ഹരജി നല്‍കിയിരുന്നു. കെ. എം എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കുന്ന അന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് ജോമോനെതിരേ ധനകാര്യ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."