ആലംപരപ്പ കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആലംപരപ്പ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, സിവിഷന്‍ മെമ്പര്‍ അഡ്വ.പി.എ. ഷെമീര്‍ എന്നിവര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 1999-2000 ത്തിലെ ഭൂരഹിത പുനരധിവാസ പദ്ധതിയില്‍പ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 15ാം വാര്‍ഡില്‍പെട്ട ആലംപരപ്പില്‍ നാല് ഏക്കര്‍ ഭൂമിവാങ്ങിയത്. 101 പ്ലോട്ടുകളിലായി തിരിച്ച വസ്തുവില്‍ നാല് പ്ലോട്ടുകള്‍ ഒഴികെ ബാക്കിയെല്ലാം അര്‍ഹരായവര്‍ക്ക് നേരത്തെ നല്‍കിയിരുന്നു. ഇവര്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികള്‍ നല്‍കിയ പരാതിയിന്മേലാണ് ബ്ലോക്ക് പഞ്ചായത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. പട്ടയവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ മുഖാന്തിരം ഗ്രാമ വികസന കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. പട്ടയം അനുവദിക്കണമെന്ന ശുപാര്‍ശകളോടെ ഗ്രാമവികസന കമ്മീഷണറേറ്റില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ഈ ഫയലുകളില്‍ അനുകൂലമായ തീരുമാനം ആകുന്നതോടെ ബ്ലോക്ക് പഞ്ചായത്ത് ഇവര്‍ക്ക് പട്ടയം രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന് ബ്ലോക്ക് സെക്രട്ടറി കെ.എസ് ബാബു അറിയിച്ചു.
പട്ടയ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കകുഴി, പി.എ. ഷെമീര്‍, ശുഭേഷ് സുധാകരന്‍, പ്രകാശ് പള്ളിക്കുടം, പി.കെ. അബ്ദുള്‍ കരിം എന്നിവര്‍ ചേര്‍ന്ന് തദ്ദേശവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ആലംപരപ്പ് ബ്ലോക്ക് പഞ്ചായത്ത് കോളനിയിലും പട്ടികജാതി കോളനികളിലും കുടിവെള്ളം എത്തിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 12.5 ലക്ഷം രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ അംഗം ഷെമീര്‍ അറിയിച്ചു. മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഈ മാസം അവസാനവാരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കോളനി സന്ദര്‍ശിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭരണ സമിതിയംഗങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."