ഏറ്റുമാനൂര്‍ ചിറക്കുളത്തില്‍ മാലിന്യ നിക്ഷേപം; നഗരസഭ സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയത് ഏഴുപേര്‍
ഏറ്റുമാനൂര്‍: നഗരസഭാ മന്ദിരത്തിനോട് ചേര്‍ന്നുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കാനായി നാട്ടുകാരും വ്യാപാരികളും തിരഞ്ഞെടുത്തത് ടൗണിലെ ജലശ്രോതസായ ചിറക്കുളം. നഗരസഭയുടെ ഒളിക്യാമറാ കണ്ണുകള്‍ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കാതെ മാലിന്യം എറിഞ്ഞവര്‍ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ ഏഴിലധികം പേരെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തെന്നാണ് നഗരസഭ നല്‍കുന്ന വിവരം.
ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. നാളെ ഇവര്‍ക്കെതിരേ പൊലിസിന് പരാതി നല്‍കും. സംസ്‌കരണ പ്ലാന്റ് പൂട്ടി മതില്‍കെട്ടിയതിന് സമീപവും ചിറക്കുളത്തിന്റെ ഒരു വശത്തുനിന്നും മാലിന്യം എറിഞ്ഞവരുമാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.
പ്ലാന്റുകള്‍ പൂട്ടിയതിനു പിന്നാലെയാണ് മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നവരെ കുടുക്കാന്‍ നഗരസഭ ക്യാമറകള്‍ സ്ഥാപിച്ചത്. നിയമ വിരുദ്ധമായി മാലിന്യനിക്ഷേപം നടത്തിയവര്‍ കാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചിറക്കുളത്തിനും സ്വകാര്യബസ് സ്റ്റാന്റിനും നഗരസഭാ മന്ദിരത്തിനും സമീപം കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെന്ന് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് അറിയിച്ചു.
മാലിന്യം സംസ്‌കരിക്കുന്നതിന് കുറ്റമറ്റ രീതിയില്‍ നഗരത്തിന് വെളിയില്‍ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്തവിധം പ്ലാന്റ് സ്ഥാപിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.
ടൗണില്‍ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്‌കരണ പ്ലാന്റുകള്‍ പൂട്ടിയത്. മാലിന്യം കുമിഞ്ഞു കൂടുന്നതിനാല്‍ ഏറ്റുമാനൂരിലെ മത്സ്യ മാര്‍ക്കറ്റും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."