കോടതിയില്‍ ഒളികാമറ: പ്രതി മരിച്ച നിലയില്‍
തൊടുപുഴ: മുട്ടം ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച കേസില്‍ ഒളിവില്‍ പോയ കോടതി ജീവനക്കാരന്റേതെന്നു കരുതുന്ന ജഡം അഴുകിയ നിലയില്‍ വാഗമണില്‍ കണ്ടെത്തി. കോടതിയിലെ ക്ലറിക്കല്‍ അറ്റന്‍ഡര്‍ ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷിക്കവല വിമല്‍ ഭവനില്‍ വിജു ഭാസ്‌കറിന്റെ ജഡമാണിതെന്നാണ് പൊലിസിന്റെ നിഗമനം. ജഡത്തിനു സമീപത്തുനിന്നു ലഭിച്ച ബാഗില്‍ ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും മറ്റു രേഖകളുമുണ്ട്. ഇതാണ് ജഡം വിജുവിന്റേതാണെന്നു സംശയിക്കാന്‍ കാരണം. വാഗമണ്‍ മൊട്ടക്കുന്നിനു സമീപം ഒടിച്ചുകുത്തി വളവിനടുത്തുള്ള തേയിലത്തോട്ടത്തിലെ പൊതുശ്മശാനത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഏതാനും ദിവസം പഴക്കമുള്ള ജഡത്തിന്റെ മുഖമടക്കമുള്ള ഭാഗം അഴുകിയ നിലയിലാണ്.
കഴിഞ്ഞ മാസം 15നാണ് കോടതിയിയുടെ ശുചിമുറിയില്‍നിന്നും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ ഫ്‌ളഷ് ടാങ്കിനു മുകളില്‍നിന്നും ഒളികാമറ കണ്ടെത്തിയത്. കാമറ പൊലിസെത്തി കസ്റ്റഡിയിലെടുത്തതിനു തൊട്ടു പിന്നാലെ വിജു ഭാസ്‌കര്‍ ഒളിവിലാകുകയും ചെയ്തു. പൊലിസ് നടത്തിയ പരിശോധനയില്‍ കാമറ സ്ഥാപിച്ചത് വിജുവാണെന്നു സ്ഥിരീകരിച്ചിരുന്നു.
പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും തെരച്ചില്‍ നടത്താന്‍ രണ്ട് അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ജഡം സ്ഥലത്തു നിന്നു മാറ്റിയിട്ടില്ല. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."