കരിങ്കല്‍ ക്വാറികള്‍ക്ക് പുറമെ ജില്ലയിലെ ചെങ്കല്‍ ഖനനത്തിനും പൂട്ട് വീഴുന്നു
എരുമപ്പെട്ടി : കരിങ്കല്‍ ക്വാറികള്‍ക്ക് പുറമെ ജില്ലയിലെ ചെങ്കല്‍ ഖനനത്തിനും പൂട്ട് വീഴുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വെട്ടുക്കല്‍ മടകള്‍ക്ക് മാത്രമെ ഇനിമുതല്‍ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. ഇത് തൊഴില്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളുടെ പെര്‍മിറ്റ് കാലവധി ഡിസംബര്‍ ആറിനാണ് അവസാനിച്ചത്. പുതിയെ പെര്‍മിറ്റ് അനുവദിക്കണമെങ്കില്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്ന സുപ്രീം കോടതി ഉത്തരവാണ് ക്വാറികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. പരിശോധന നടത്തി ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനം-പാരിസ്ഥിതിക കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉത്തരവില്‍ പറയുന്ന 41 ല്‍ പരം വ്യവസ്ഥകള്‍ പാലിച്ച് പെര്‍മിറ്റ് നേടാന്‍ ചെറുകിട ക്വാറികള്‍ക്ക് കഴിയില്ലായെന്നതാണ് വാസ്തവം.
ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ 500ല്‍ അധികം വരുന്ന കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ നിയമം വെട്ടുക്കല്‍ മടകള്‍ക്ക് കൂടി ബാധകമാക്കിയത് ജില്ലയിലെ ചെങ്കല്‍ ഖനനത്തേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പല ചെങ്കല്‍ മടകളുടേയും പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ഇത് പുതുക്കി ലഭിക്കാന്‍ ജിയോളജി വകുപ്പിനെ സമീപിച്ചപ്പോഴാണ് പലര്‍ക്കും പരിസ്ഥിതി കമ്മിറ്റിയുടെ അനുമതി വേണമെന്ന പുതിയ ഉത്തരവിനെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്.
ജില്ലയില്‍ ഏറ്റവുമധികം കരിങ്കല്‍ ക്വാറികളും വെട്ടുക്കല്‍ മടകളും പ്രവര്‍ത്തിക്കുന്നത് എരുമപ്പെട്ടി, കടങ്ങോട്, വരവൂര്‍, വേലൂര്‍ പഞ്ചായത്തുകളിലാണ്. കരിങ്കല്‍, ചെങ്കല്‍ ക്വാറികളെ ആശ്രയിച്ച് മാത്രം കഴിയുന്ന നൂറുകണക്കിന് ചുമട്ട്, കൂലി തൊഴിലാളികളാണ് മേഖലയിലുള്ളത്. എരുമപ്പെട്ടിയില്‍ പഞ്ചായത്തിലെ എരുമപ്പെട്ടി, നെല്ലുവായ്, കുണ്ടന്നൂര്‍, ചിറ്റണ്ട പ്രദേശങ്ങളിലും, കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടത്തും വേലൂര്‍ പഞ്ചായത്തിലെ തയ്യൂരും കരിങ്കല്‍ ക്വാറികളില്‍ ജോലി ചെയ്യുന്ന ഐ.എന്‍.ടി.യു.സി, സി.ഐ.ടിയു വിഭാഗത്തില്‍ തൊഴിലാളികള്‍ 500നടുത്ത് വരും. നോട്ട് പ്രതിസന്ധിക്കൊപ്പം ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചത് തൊഴിലാളികളെ തീര്‍ത്തും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കരിങ്കല്‍ ക്വാറികള്‍ക്ക് പുറമെ ചെങ്കല്‍ ഖനനവും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നത് നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. കെട്ടിട നിര്‍മാണം നിലച്ചതിന് പുറമെ കരിങ്കല്ലും മെറ്റലും ആവശ്യത്തിന് ലഭ്യമാകാത്തതിനാല്‍ റോഡ്, പാലം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."