തരില്ല ഭിക്ഷ, തരാം ഒരു ബാല്യം
കുട്ടികളെ തട്ടിക്കൊണ്ടു പോകലും ബാലഭിക്ഷാടനവും
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രചാരണം വ്യാപകമായതോടെയാണ് ബാലഭിക്ഷാടനത്തെതിരേയുള്ള കൂട്ടായ്മകള്‍ സജീവമായത്. ഭിക്ഷാടനത്തിനുപയോഗിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുവന്നതാണോയെന്ന ആശങ്കയാണ് ഇത്തരം കൂട്ടായ്മകള്‍ക്കു പ്രചോദനം. ഇനി തട്ടിക്കൊണ്ടുവന്ന കുട്ടികള്‍ അല്ലെങ്കിലും ഇനിയൊരു ബാല്യവും തെരുവില്‍ അലയരുതെന്ന ഉറച്ച പ്രതീക്ഷയോടെയാണ് ഇത്തരം നവമാധ്യമ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്. ഭിക്ഷാടന മാഫിയകളുടെ ശക്തി കുറയണമെങ്കില്‍ ഭിക്ഷ കൊടുക്കുന്നത് നിര്‍ത്തണമെന്നാണ് കൂട്ടായ്മകള്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചു കുട്ടികള്‍ക്കു ഭിക്ഷയായി പണം കൊടുക്കരുത്. ഏതെങ്കിലും കുട്ടി ഭിക്ഷയാചിച്ചാല്‍ ഭക്ഷണം വാങ്ങികൊടുക്കുക. കുട്ടികളെ ഭിക്ഷാടനത്തിനിറക്കുന്നവര്‍ക്ക് സാമ്പത്തിക മെച്ചമില്ലെങ്കില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം കുറയുമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
യാചകര്‍ക്ക് പുള്ളാവൂരിലേക്ക് പ്രവേശനമില്ല
കട്ടാങ്ങല്‍: അനധികൃത പിരിവുകാര്‍ക്കും ഭിക്ഷാടകര്‍ക്കും വീടുകള്‍ കയറിയുള്ള കച്ചവടക്കാര്‍ക്കും പുള്ളാവൂരില്‍ വിലക്കേര്‍പ്പെടുത്തി പുതിയ മാതൃക. കേരളത്തിലെ ഭിക്ഷാടന മാഫിയയെ തകര്‍ക്കാനും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയ സംഘങ്ങളെ തിരിച്ചറിയാനും കട്ടാങ്ങല്‍ കൊടുവള്ളി റോഡില്‍ പുള്ളാവൂര്‍ അങ്ങാടിയില്‍ കുറുങ്ങാട്ട കടവ്, കമ്പനിമുക്ക് എന്നിവടങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കൂടാതെ വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചാരണത്തിനും തുടക്കം കുറിച്ചു. മാഫിയാ സംഘത്തിന് ഇറങ്ങി വരാനുള്ള പഴുതുകള്‍ അടക്കുകയാണ് ഇതു കൊണ്ട് കമ്മിറ്റി ഉദ്ദേശിക്കുന്നത്. നാട്ടുകാര്‍ നല്ല സഹകരണമാണ് ഇതിനു നല്‍കുന്നത്. ഒരു കൂട്ടം യുവാക്കളാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
പ്രധാന ഭിക്ഷാടക കേന്ദ്രം കോഴിക്കോട് കടപ്പുറം
കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടിയാചകരുള്ളത് കടപ്പുറത്താണ്. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ 15 വയസു വരെയുള്ള കുട്ടികളെയാണ് ഇവിടെ ഭിക്ഷാടന മാഫിയ യാചനയ്ക്കിറക്കുന്നത്. ഇതരസംസ്ഥാനത്ത് നിന്നുള്ള കുട്ടികളെയാണ് മാഫിയ കൂടുതലും യാചനയ്ക്ക് നിയോഗിക്കുക. ഇവര്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പൊരിവെയിലത്ത് നടന്ന് ബീച്ചിലെത്തുന്നവരോട് പണം യാചിക്കും. പലപ്പോഴും ഭയന്നാണ് കുട്ടികള്‍ ഭിക്ഷാടനത്തിനിറങ്ങുന്നത്. ഒരു നേരത്തെ ആഹാരം പോലും കൊടുക്കാതെയാണ് കുട്ടികളെ ഇവര്‍ ബീച്ചില്‍ യാചകരായി വിടുന്നത്. ബീച്ചിലെത്തുന്നവര്‍ക്ക് പലപ്പോഴും ഇവര്‍ ഒരു വലിയ ശല്യമാകുന്നുമുണ്ട്. ഉറങ്ങാതിരിക്കാനായി കൈക്കുഞ്ഞുങ്ങളോട് പോലും ഇവര്‍ ക്രൂരത കാണിക്കാറുണ്ടെന്ന് ബീച്ചിലെ കച്ചവടക്കാര്‍ പറയുന്നു. ഇവര്‍ക്ക് ഒരു ദിവസം കുറഞ്ഞത് 1000 രൂപയെങ്കിലും ലഭിക്കുമെന്നും അതില്‍ നിന്നും ഒരു രൂപ പോലും കുട്ടികള്‍ക്കു ലഭിക്കുന്നില്ലെന്നും കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ ബീച്ചിലെത്തുന്ന കുട്ടികള്‍ രാത്രിയായാലും തിരിച്ചു പോകാറില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലും യാചകര്‍ ഇവിടേക്ക് എത്തുന്നത്. ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് നിന്നുള്ളവരുമുണ്ട്. ബീച്ചിലെ യാചകരില്‍ ചിലര്‍ ദിവസേന നാട്ടില്‍ പോയി വരുന്നവരുമുണ്ട്. തമ്പടിച്ച് കിടക്കുന്നവര്‍ ആഴ്ചയിലൊരിക്കല്‍ നാട്ടില്‍ പോകുമെന്നും കച്ചവടക്കാര്‍ പറയുന്നു.
'ബാലഭിക്ഷാടന വിമുക്ത നഗരം'
കോഴിക്കോടിനെ 2012ല്‍ അന്നത്തെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ബാലഭിക്ഷാടന വിമുക്ത നഗരമായി പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം വാക്കുകളില്‍ മാത്രമായി ഒതുങ്ങി. ഇപ്പോഴും നഗരത്തില്‍ ബാലഭിക്ഷാടകര്‍ സജീവമാണ്.
ബാലഭിക്ഷാടകരില്‍ ഏറെയും ഇതരസംസ്ഥാനക്കാര്‍
ജില്ലയില്‍ ബാലഭിക്ഷാടനത്തിനെതിരേ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ വിങ്ങുമെല്ലാം സംയുക്തമായി പോരാട്ടം നടത്തുന്നുണ്ടെങ്കിലും ബാലഭിക്ഷാടകരുടെ എണ്ണം ദിവസേന പെരുകിവരികയാണ്. പൊതുജനങ്ങളുടെ സഹകരണം പൂര്‍ണമല്ലാത്തതും ബാലഭിക്ഷാടകരിലധികം ഇതരസംസ്ഥാനക്കാരുടെ മക്കളായതുമാണ് ഇതിനു പ്രധാന കാരണം. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമെല്ലാം എത്തുന്നവരാണ് ഇത്തരം ഭിക്ഷാടകരിലധികവും. എന്നാല്‍ വിവരം കിട്ടി സ്ഥലത്തെത്തുമ്പോഴേക്കും അവര്‍ കടന്നു കളഞ്ഞിട്ടുണ്ടാകും. പിറ്റേദിവസം മുതല്‍ മറ്റൊരിടത്തായിരിക്കും അവരുടെ കേന്ദ്രം. ഇനി അഥവാ ഇവരെ പിടികൂടിയാല്‍ തന്നെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അവര്‍ രക്ഷപ്പെടുകയും പഴയ പോലെ ഭിക്ഷാടനത്തിനിറങ്ങുകയും ചെയ്യും. ഇതിനെതിരേ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. ഒരു മാസത്തിനുള്ളില്‍ അതു നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇതിനകം കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി ഡി.സി.പി.യുവിന്റെ നേതൃത്വത്തില്‍ 'ഓപറേഷന്‍ വാത്സല്യ' പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇത് ഫലപ്രദമാവുകയും ചെയ്തു. ഇതിനു പുറമെ ബോധവല്‍ക്കരണ ക്ലാസുകളും പതിവായി സംഘടിപ്പിച്ചു വരുന്നുണ്ട്. 2017 പൂര്‍ത്തിയാകുമ്പോഴേക്കും ബാലഭിക്ഷാടകരുടെ എണ്ണത്തില്‍ കുറവു വരുത്താനാകുമെന്നാണ് പ്രതീക്ഷ.
ഷീബാ മുംതാസ് (ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍)ജനങ്ങളില്‍ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ല: ചൈല്‍ഡ് ലൈന്‍
ബാലഭിക്ഷാടനം തടയാന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ നിന്ന് വേണ്ട സഹകരണം ലഭിക്കുന്നില്ല. ഭൂരിഭാഗം പേരും കണ്‍മുന്നിലെ ബാലഭിക്ഷാടനം കണ്ടില്ലെന്നു നടിക്കലാണ് പതിവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു ചെറിയ വിഭാഗം സഹായം നല്‍കാറുണ്ടെങ്കിലും ബാലഭിക്ഷാടനം പൂര്‍ണമായും തടയാന്‍ ജനങ്ങള്‍ കുറച്ചുകൂടി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
എം.പി മുഹമ്മദലി (ജില്ലാ ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍)ബാലഭിക്ഷാടനം തടയാന്‍ നമുക്ക് എന്തു ചെയ്യാം
നഗരത്തിലും മറ്റും അലഞ്ഞു തിരിഞ്ഞ് ഭിക്ഷയാചിക്കുന്ന കുട്ടികളെക്കുറിച്ച് ചൈല്‍ഡ്‌ലൈന്‍ ഓഫിസില്‍ ലഭിക്കുന്ന വിവരങ്ങള്‍ വളരെ കുറവാണ്. അഥവാ ലഭിച്ചാല്‍ തന്നെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും കുട്ടികള്‍ അവിടെ നിന്ന് പോയിട്ടുണ്ടാകും. ബാലഭിക്ഷാടനം തടയുന്നതിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്. കുട്ടിയാചകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തുന്നതുവരെ കുട്ടികളെ നിരീക്ഷിക്കണം. എന്നാല്‍ മാത്രമേ ഇവരെ പിടികൂടാന്‍ സാധിക്കുകയുള്ളൂ. ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും നടന്ന് യാചിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ വലിയ പ്രയാസമാണ്. കുട്ടികള്‍ ഭിക്ഷയെടുക്കുന്ന വിവരം ലഭിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും ഇവര്‍ ട്രെയിന്‍ കയറി അടുത്ത സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടാകും.
ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പര്‍
ബാലഭിക്ഷാടനമോ ബാലവേലയോ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ചൈല്‍ഡ് ലൈന്‍ അധികൃതരെ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിവരമറിയിക്കാം. ഉടന്‍ ഇവര്‍ സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തും.
പുനരധിവാസം പ്രതിസന്ധി;നിയമത്തിന്റെ പഴുതിലൂടെ വീണ്ടും തെരുവില്‍
ബാലഭിക്ഷാടകരെ പിടികൂടിയാല്‍ തന്നെ ഇവരെ പുനരധിവസിപ്പിക്കാന്‍ കഴിയുന്നില്ല. നിയമത്തിന്റെ പഴുതിലൂടെ ഇവര്‍ വീണ്ടും തെരുവിലേക്കെത്തുകയാണ്. പിടികൂടുന്ന കുട്ടികളെ രക്ഷിതാക്കള്‍ എത്തിയാല്‍ വിട്ടു നല്‍കണമെന്നാണ് നിയമം. ഇത്തരത്തില്‍ പോകുന്ന ഭൂരിഭാഗം കുട്ടികളും വീണ്ടും തെരുവില്‍ യാചനയ്‌ക്കെത്തുന്നതു പതിവാണ്. ജുവനൈല്‍ ഹോമിലും മറ്റും കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സൗകര്യമുണ്ടെങ്കിലും നിയമപ്രകാരം ഇതു സാധ്യമല്ല. പലയിടങ്ങളിലും ഇത്തരം ഭിക്ഷാടന മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."