ശക്തി കുറഞ്ഞ് വര്‍ധ; മരിച്ചവരുടെ എണ്ണം 18 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റില്‍ മലയാളി വിദ്യാര്‍ഥിയുള്‍പ്പെടെ 18 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
തൃശൂര്‍ പാട്ടുരായ്ക്കല്‍ മായ ഹൈറ്റ്‌സില്‍ താമസിക്കുന്ന ഗോകുല്‍ ജയകുമാര്‍ (18) ആണ് മരിച്ച മലയാളി. ശക്തമായ കാറ്റില്‍ ഗോകുല്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ചുഴലിക്കാറ്റ് കര്‍ണാടക- ഗോവ വഴി അറബിക്കടലിലേക്ക് നീങ്ങിയതിനാല്‍ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. സ്തംഭിച്ച ജനജീവിതം ഏറെക്കുറെ സാധാരണനിലയിലായെങ്കിലും കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ കടലോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.
മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് ഇന്നലെ കാറ്റ് വീശിയത്. തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മണിക്കൂറില്‍ 120 മുതല്‍ 140 കി.മീറ്റര്‍ വേഗതയിലാണ് വര്‍ധ വീശിയടിച്ചത്. കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ വടക്കന്‍ ജില്ലകളിലും കാറ്റ് മണിക്കൂറുകളോളം ആഞ്ഞടിച്ചിരുന്നു. മരങ്ങള്‍ കടപുഴകിയും വാഹനങ്ങള്‍ തകര്‍ന്നും ചെന്നൈ നഗരം വലിയ ദുരന്തത്തെയാണ് അഭിമുഖീകരിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.
പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ കേടായതിനാല്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. മൊബൈല്‍ ടവറുകള്‍ തകര്‍ന്നതിനാല്‍ വാര്‍ത്താവിനിമയവും തടസപ്പെട്ടു. കടപുഴകിവീണ മരങ്ങള്‍ നീക്കംചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ ഇന്നലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും 10 കിലോ അരിയും വീതം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്നലെ പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. തടസപ്പെട്ട ട്രെയിന്‍ സര്‍വിസും ഭാഗികമായി പുനഃസ്ഥാപിച്ചു. സബര്‍ബന്‍ ട്രെയിനുകളും നഗരത്തിലോടുന്ന എം.ടി.സി ബസുകളും സര്‍വിസ് നിര്‍ത്തിയിരിക്കുകയാണ്. ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വിസുകളുടെ വേഗത കുറയ്ക്കുകയും ഇലക്ട്രിക് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.
കാറ്റ് കര്‍ണാടക വഴി ഗോവയുടെ തെക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതിനാല്‍ ബംഗളൂരു നഗരപ്രാന്തങ്ങളിലും കര്‍ണാടകയുടെ തെക്കന്‍ മേഖലകളിലും കാറ്റ് ശക്തമായിട്ടുണ്ട്. ഇവിടെ ശക്തമായ മഴയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."