തിരക്കിലമര്‍ന്ന് ബാങ്കുകള്‍; ചില്ലറയ്ക്കായി നെട്ടോട്ടം
കോഴിക്കോട്: മൂന്നു ദിവസത്തെ അവധിക്കുശേഷം ജില്ലയിലെ ബാങ്കുകളും ട്രഷറികളും എ.ടി.എമ്മുകളും ഇന്നലെ തിരക്കിലമര്‍ന്നു. അതിരാവിലെ തന്നെ ആളുകള്‍ ബാങ്കുകള്‍ക്ക് മുന്നിലെത്തി കാത്തുനില്‍പ്പ് തുടങ്ങിയിരുന്നു. അവധി ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ എ.ടി.എമ്മുകളിലും പണം നിറയ്ക്കാന്‍ സാധിച്ചിരുന്നില്ല. നഗരത്തിലെ പ്രധാന എ.ടി.എമ്മുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഷട്ടറിട്ടതോടെ സാധാരണക്കാര്‍ കൂടുതല്‍ വിഷമത്തിലായി. ഇന്നലെ രാവിലെ മാനാഞ്ചിറ എസ്.ബി.ഐ എ.ടി.എമ്മില്‍ പണം നിറച്ചത് മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
എന്നാല്‍ 2000 രൂപയുടെ ഒറ്റ നോട്ട് മാത്രമെ ഇവിടെ ലഭ്യമായിരുന്നൊള്ളൂ. 100, 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കാത്തത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഗ്രാമീണ മേഖലയിലെ ബാങ്കുകളിലും ഇന്നലെ വന്‍ തിരക്ക് അനുഭവപ്പെട്ടു. 5,000 രൂപ മുതലാണ് ആദ്യം വരിനിന്നവര്‍ക്ക് നല്‍കിയത്. പിന്നീട് ബാക്കിയുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ പലയിടങ്ങളിലും നേരിയ തോതിലുള്ള സംഘര്‍ഷവുമുണ്ടായി. ചില്ലറ ക്ഷാമം രൂക്ഷമായതിനാല്‍ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ നിര്‍ജീവാവസ്ഥയിലാണ്. പൊതുവാഹന ഗാതാഗതത്തേയും ചില്ലറ ക്ഷാമം ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."