മാവോയിസ്റ്റുകള്‍ക്കെതിരേ നടപടിയുമായി വനംവകുപ്പ്: മുഴുവന്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലും വയര്‍ലെസ് സംവിധാനവും അത്യാധുനിക വാഹനങ്ങളും
നിലമ്പൂര്‍: കരുളായി പടുക്ക റെയ്ഞ്ചില്‍ രണ്ടു മാവോയിസ്റ്റുകള്‍ പൊലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ വനം വകുപ്പ് നടപടികള്‍ തുടങ്ങി. മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളിലും വയര്‍ലെസ് സംവിധാനം ഒരുക്കും. നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടി ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ-വിനിമയ സംവിധാനങ്ങള്‍ പരമാവധി ഒരുക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനുള്ള യന്ത്ര സംവിധാനങ്ങള്‍ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസുകളിലെത്തിച്ചു.
കൂടാതെ വനംവകുപ്പിന്റെ മുഴുവന്‍ പഴയ വാഹനങ്ങളും പിന്‍വലിച്ച് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ വാഹനങ്ങള്‍ നല്‍കാനും നടപടിയായി. ഡി.എഫ്.ഒമാര്‍ക്ക് വയര്‍ലെസ് സംവിധാനത്തോടുകൂടിയ പുതിയ മോഡല്‍ ഇന്നോവയും റെയ്ഞ്ച് ഓഫിസര്‍മാര്‍ക്ക് വയര്‍ലെസ് സംവിധാനത്തോടെയുള്ള മഹീന്ദ്ര താര്‍ മോഡല്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനവും നല്‍കും. നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡി.എഫ്.ഒമാര്‍ക്ക് ഇന്നോവയും കരുളായി റെയ്ഞ്ച് ഓഫിസര്‍ക്ക് താര്‍ ജീപ്പും കൈമാറി. മാവോയിസ്റ്റുകള്‍ വനത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തെ തുടര്‍ന്ന് ഉയര്‍ന്ന വനം ഉദ്യോഗസ്ഥര്‍ക്ക് നടപടിയുണ്ടാകുമെന്ന സൂചന ഉണ്ടായിരിക്കെ ഇന്നലെയാണ് സുരക്ഷ ഒരുക്കുന്നതിനായി സംവിധാനങ്ങളുമായി വനം വകുപ്പ് വയര്‍ലെസും വാഹനങ്ങളുമായി നിലമ്പൂരിലെത്തിയത്. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഉള്‍വനങ്ങളിലെ ഔട്ട് പോസ്റ്റുകളിലെ രാത്രി കാവലുകള്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടുത്തമാസം മധ്യത്തോടെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ വട്ടിക്കല്ല്, പൂളക്കപ്പാറ ഔട്ട് പോസ്റ്റുകളില്‍ പത്തുവീതം സായുധ പൊലിസിന്റെ സുരക്ഷയുണ്ടാവും. കൂടാതെ ഇവിടെ ഡ്യൂട്ടിയിലുള്ള വനപാലകര്‍ക്ക് തോക്ക് നല്‍കും. ഈ ഔട്ട് പോസ്റ്റുകളില്‍ വയര്‍ലെസ് സംവിധാനമടക്കം വാര്‍ത്താവിനിമയ ഉപകരണങ്ങളും സ്ഥാപിക്കാനും നടപടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."