ദേശീയഗാനവും വിവാദമാക്കണോ
'ജനഗണ മനഅധി നായക ജയഹേ, ഭാരത ഭാഗ്യവിധാതാ..' ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളയ്ക്കും. എല്ലാ ജനമനസ്സുകളുടെയും അധിപന്‍ താങ്കളാണെന്നു ഭാരതത്തോടു വിളിച്ചുപറയുന്ന വരികള്‍. ഭാരതത്തിന്റെ ഭാഗ്യവിധാതാവും താങ്കള്‍തന്നെയെന്നു രാഷ്ട്രത്തെ ഉണര്‍ത്തുന്ന വാക്കുകള്‍.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ (1861-1941) എഴുതിയ ആ വരികളാണ് നമ്മുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. ബ്രഹ്മസമാജം നേതാവായിരുന്ന ബംഗാളിലെ ദേവേന്ദ്രനാഥ് ടാഗോറിന്റെ ഈ പുത്രന്‍ രചിച്ച അഞ്ചുഖണ്ഡികകളുള്ള ബംഗാളി കവിതയുടെ ആദ്യഖണ്ഡികയാണത്. 1911ല്‍ ബംഗാളിയില്‍ എഴുതിയ ഗാനത്തിന്റെ ഹിന്ദി പരിഭാഷ. 52 സെക്കന്‍ഡില്‍ പാടിത്തീര്‍ക്കാവുന്ന ഗീതം.
ജനഗണമനഅധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ
പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠാ,
ദ്രാവിഡ, ഉത്കല, ബംഗാ,
വിന്ധ്യ, ഹിമാചല, യമുനാ, ഗംഗാ
ഉച്ഛല ജലധി തരംഗാ
തവശുഭ നാമേ ജാഗേ
തവശുഭ ആശിഷ മാഹേ
ഗാഹേ തവജയ ഗാഥാ,
ജനഗണ മംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ
ജയഹേ.., ജയഹേ.., ജയഹേ..,
ജയ, ജയ, ജയ ജയഹേ...
അര്‍ഥം: അങ്ങാണ് എല്ലാ ജനമനസ്സുകളുടെയും അധിപന്‍, ഭാരതത്തിന്റെ ഭാഗ്യത്തിന്റെ വിധാതാവും.
അങ്ങയുടെ നാമം, പഞ്ചാബിന്റെയും സിന്ധിന്റെയും ഗുജറാത്തിന്റെയും മറാഠയുടെയും ദ്രാവിഡത്തിന്റെയും ഒഡിഷയുടെയും ബംഗാളിന്റെയും ഹൃദയങ്ങളെ ത്രസിപ്പിക്കുന്നു.
വിന്ധ്യ, ഹിമാലയപര്‍വതങ്ങളില്‍ അതു പ്രതിധ്വനിക്കുന്നു. ഗംഗയുടെയും യമുനയുടെയും സംഗീതത്തില്‍ അത് അലിയുന്നു. ഇന്ത്യാസമുദ്രത്തിന്റെ ഓളങ്ങള്‍ അതേറ്റു പാടുന്നു.
അവ അങ്ങയുടെ അനുഗ്രഹങ്ങള്‍ തേടുന്നു. സ്തുതിയാലപിക്കുന്നു. ജനങ്ങളുടെ രക്ഷ അങ്ങയുടെ കൈകളിലാണ്.
ഇന്ത്യയുടെ ഭാഗ്യവിധാതാവേ, ജയം, ജയം, ജയം. അങ്ങേയ്ക്കു വിജയം.
1911 ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്താ സമ്മേളനത്തിലാണ് ഇത് ആദ്യമായി ആലപിക്കപ്പെട്ടത്. സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു അത്.
ആദ്യദിനം ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേ മാതരം ആണ് ആലപിക്കപ്പെട്ടത്. ചാറ്റര്‍ജി 1882 ല്‍ പ്രസിദ്ധീകരിച്ച ആനന്ദ്മഠ് എന്ന നോവലിലെ ഒരു ഗാനത്തിന്റെ ആദ്യഖണ്ഡിക. അതിലെ വരികളെപ്പറ്റി അന്നുതന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നു.
വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്‌നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം
മഹാകവി ടാഗോര്‍ സംഗീതം നല്‍കിയ ഈ ഗാനത്തിന്റെ അര്‍ഥം: 'അമ്മേ, ഞാന്‍ നമിക്കുന്നു. ജലസമൃദ്ധയും ഫലസമൃദ്ധയും പര്‍വതങ്ങളെ തഴുകിയെത്തുന്ന കാറ്റിന്റെ കുളിര്‍മയുള്ളവളും സസ്യജാലങ്ങള്‍ നിറഞ്ഞവളുമായ മാതാവിനു പ്രണാമം. ചന്ദ്രികയില്‍ അവിടത്തെ രാത്രികള്‍ ഉല്ലസിക്കുന്നു. പുഷ്പാഭരണങ്ങളണിഞ്ഞ് അവിടത്തെ മണ്ണില്‍ മരങ്ങള്‍ മനോഹാരിത നേടുന്നു. മധുരമായി ചിരിക്കുന്നവളേ, തേനൂറും തരത്തില്‍ സംസാരിക്കുന്നവളേ, സുഖം തരുന്നവളേ, വരംനല്‍കുന്നവളേ. അമ്മേ.'
രാജ്യത്തെ മാതാവായി കാണുകയും ദൈവത്തെപ്പോലെ ആരാധിക്കുകയും ചെയ്യുന്നുവെന്നതിലായിരുന്നു പ്രധാന എതിര്‍പ്പ്.
ഇന്ത്യ സൃഷ്ടിച്ച മറ്റൊരു വിഖ്യാത മഹാകവിയായ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ രചിച്ച 'സാരേ ജഹാന്‍സെ അഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന ഉര്‍ദു ഗീതം ആ മത്സരയോട്ടത്തില്‍ പിന്തള്ളപ്പെട്ടു.
ലോകത്തിലെ ഏറ്റവും നല്ലരാജ്യം നമ്മുടെ ഹിന്ദുസ്ഥാന്‍ ആണെന്നും അതൊരു പൂങ്കാവനമാണെന്നും നാമെല്ലാം അതിലെ പൂങ്കുയിലുകളാണെന്നും കവിപാടിയെങ്കിലും ആ മധുരഗീതം നമ്മുടെ മിലിട്ടറി ഗാനം മാത്രമായി ഒതുങ്ങിപ്പോവുകയാണുണ്ടായത്. ലതാ മങ്കേഷ്‌കറും ആശാഭോസ്്‌ലെയും മഹേന്ദ്ര കപൂറും എ.ആര്‍ റഹ്മാനുമൊക്കെ പാടുകയും 1959 ല്‍ ഹിന്ദി ചലച്ചിത്രമായ 'ഭായി ബെഹനി'ല്‍ ചേര്‍ക്കുകയും ചെയ്ത മികച്ച ദേശഭക്തി ഗാനമാണത് എന്ന കാര്യത്തില്‍ സംശയമില്ല. ബാരിസ്റ്റര്‍ കൂടിയായ ഇഖ്ബാല്‍ പാകിസ്താന്‍ വാദത്തെ പ്രോത്സാഹിപ്പിച്ച രാഷ്ട്രീയനേതാവാണെന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ നമ്മുടെ അംഗീകൃത ദേശീയഗാനം ആലപിക്കുന്ന കാര്യംതന്നെ കോടതിയും കേസുമായി മാറിയിരിക്കുന്നു. നവംബര്‍ 30 ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍, എല്ലാ സിനിമാശാലകളിലും ഓരോ പ്രദര്‍ശനവും തുടങ്ങുന്നതിനു മുന്‍പ് 'ജനഗണമന' നിര്‍ബന്ധമായും ആലപിച്ചിരിക്കണമെന്ന ഉത്തരവാണു വിവാദമായിരിക്കുന്നത്.
ദേശീയമെന്നു നാം വിശേഷിപ്പിക്കുന്ന മറ്റൊരു കാര്യത്തിലും ഇല്ലാത്ത തര്‍ക്കം ഒരു മിനിറ്റിനകം പാടിത്തീര്‍ക്കുന്ന ദേശീയഗാനത്തില്‍ കയറിവരുന്നതു നിര്‍ഭാഗ്യകരമല്ലേ. ദേശീയപതാകയും ദേശീയചിഹ്നവും ദേശീയഗാനവുമെല്ലാം ഏതു രാജ്യത്തിന്റെയും അഭിമാനമുദ്രകളല്ലേ.
ആല്‍മരത്തെ ദേശീയവൃക്ഷമായും, മയിലിനെ ദേശീയപക്ഷിയായുമൊക്കെ നാം അംഗീകരിക്കുന്നു. നമുക്കൊരു ദേശീയഭാഷ ഇനിയുമായിട്ടില്ല. ദേവനാഗിരി ലിപിയിലുള്ള ഹിന്ദിയെ ഔദ്യോഗികഭാഷയെന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണു നാം. ഏതാണ്ടിതേ പരുവത്തിലാണു ദേശീയവിനോദത്തിന്റെയും നില. ആ രംഗത്തുപിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുമ്പോഴും ഹോക്കിയ്ക്കാണ് ആ അംഗീകാരമെന്നു പറയപ്പെടുന്നു
അതേസമയം, മാങ്ങയെ ദേശീയഫലമായും താമരയെ ദേശീയപുഷ്പമായും കടുവയെ ദേശീയമൃഗമായും അംഗീകരിക്കുന്നതിനു നമുക്ക് എതിര്‍പ്പില്ല. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പങ്കുചേരുകയും സ്വാതന്ത്ര്യസമരത്തിന് ആളും അര്‍ഥവും നല്‍കുകയും ചെയ്ത ഇസ്്‌ലാംമതവിശ്വാസികള്‍, തങ്ങള്‍ ദേശീയമുസ്്‌ലിംകളാണെന്നു പറഞ്ഞുനടന്ന കാലവും നമുക്കുണ്ടായിരുന്നു.
ദേശീയഗാനാലാപനം കോടതിയിലെത്തിച്ചത് ഉത്തര്‍പ്രദേശിലെ ഒരു റിട്ടയേര്‍ഡ് എന്‍ജിനീയറാണ്. 15 വര്‍ഷം മുന്‍പ് ഭോപ്പാലില്‍ 'കഭി കുഷി കഭി ഗം' എന്ന ചലച്ചിത്രം കാണാന്‍ ചെന്നതായിരുന്നു ശ്യാം നാരായണന്‍ ചൗക്ഡി. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന സിനിമയിലൊരു രംഗത്ത് ദേശീയഗാനം ആലപിക്കുന്ന രംഗമുണ്ട്.
ദേശാഭിമാനിയായ ആ വയോധിക എന്‍ജിനീയര്‍ ആ അവസരത്തില്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് അറ്റന്‍ഷനായി നിന്നു. തങ്ങളുടെ കാഴ്ച മറയ്ക്കുന്നുവെന്നു പറഞ്ഞ് പിന്നിലിരുന്ന ആള്‍ക്കൂട്ടം കൂകിവിളിച്ചു.
ഇറങ്ങിപ്പോയ ശ്യാം നാരായണന്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ദേശീയഗാനം കളിചിരികള്‍ക്കായി ഉപയോഗപ്പെടുത്തരുതെന്നായിരുന്നു വാദം.
ആ സിനിമാ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു. നിര്‍മാതാക്കള്‍ അപ്പീലുമായി സുപ്രിംകോടതിയിലെത്തി. ദേശീയഗാനം സീന്‍ ഒഴിവാക്കി മേല്‍ക്കോടതി സ്റ്റേ പിന്‍വലിച്ചു.
സുപ്രിംകോടതി മറ്റൊരു ഹരജിയില്‍ വാദം കേള്‍ക്കവേയാണ് നാട്ടില്‍ എല്ലാ സിനിമാ കൊട്ടകകളിലും ചലച്ചിത്രം തുടങ്ങും മുന്‍പ് ദേശീയഗാനം ആലപിക്കണമെന്നും കാണികള്‍ ആദരസൂചകമായി എണീറ്റുനില്‍ക്കണമെന്നും ഉത്തരവുണ്ടായിരിക്കുന്നത്.
ഇതെങ്ങനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് എല്ലാ സംസ്ഥാനങ്ങളും, എല്ലാ തിയേറ്റര്‍ ഉടമകളും. കാണികളെ നിര്‍ബന്ധിച്ച് എഴുന്നേറ്റു നിര്‍ത്തിക്കാന്‍ സാധിക്കില്ല. അങ്ങനെ എഴുന്നേറ്റു നില്‍ക്കാത്തത് അനാദരവാക്കി കേസെടുക്കണമെങ്കില്‍ തിങ്ങിനിറഞ്ഞ ഹാളുകളില്‍നിന്ന് അതെങ്ങനെ കണ്ടെത്തുമെന്ന പ്രശ്‌നവുമുണ്ട്. ഗോവയില്‍ കഴിഞ്ഞമാസം വികലാംഗനായ എഴുത്തുകാരന്‍ സലില്‍ ചതുര്‍വേദിക്കു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ കാണികളില്‍നിന്നു മര്‍ദ്ദനമേല്‍ക്കുകയുണ്ടായി.
ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതിനപ്പുറത്ത് സുപ്രിംകോടതിയായാലും കല്‍പന പുറപ്പെടുവിക്കുന്നവര്‍ പ്രായോഗികതകൂടി പരിഗണിക്കേണ്ടതുണ്ടെന്നു ഭരണഘടനാവിദഗ്ധനായ അഡ്വ. സോളി സൊറാബ്ജി ചൂണ്ടിക്കാണിക്കുന്നു. നിയമസഭയും പാര്‍ലമെന്റുമൊക്കെ സമ്മേളിക്കുമ്പോള്‍ എല്ലാ ദിവസവും ദേശീയഗാനം പാടണമെന്ന നിയമം വരുമോയെന്നു സാധാരണക്കാരന്‍ ചോദിക്കുന്നു.
ഏതു കേസിനായി ഏതു കോടതി ചേരുമ്പോഴും ജഡ്ജിയും അഭിഭാഷകരുമുള്‍പ്പെടെ അവിടെ കൂടിയ എല്ലാവരും ജനഗണമന ചൊല്ലി ആരംഭിക്കണമെന്ന് അശ്വിനി കുമാര്‍ ഉപാധ്യായ എന്നയാള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. അത് സുപ്രിംകോടതി തള്ളുകയും ചെയ്തു.
ഇതിനിടയില്‍ കേരളത്തിലെ ഇരുപത്തൊന്നാമത് രാജ്യാന്തരചലച്ചിത്രോത്സവ വേദിയിലും ദേശീയഗാനാലാപനം പ്രശ്‌നമായി. എഴുന്നേറ്റു നില്‍ക്കാത്തവരെ പൊലിസ് പിടികൂടി. 62 രാജ്യങ്ങളില്‍നിന്നുള്ള 185 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടിടത്ത് ഓരോ തവണയും ദേശീയഗാനം ആലപിക്കണോയെന്ന ചോദ്യമാണ് പ്രതിനിധികള്‍ ഉയര്‍ത്തുന്നത്.
ഒരു മിനിറ്റ് തികയുംമുന്‍പ് ആലപിച്ചുതീരുന്ന ഒരു ഗാനത്തിന്റെ പേരില്‍ എന്തിന് എല്ലാവരും ചേര്‍ന്നു വിവാദമുണ്ടാക്കുന്നുവെന്നാണ് ജനങ്ങള്‍ക്കു മനസ്സിലാവാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."