തലയോലപ്പറമ്പ് കൊലപാതകം: എട്ടു വര്‍ഷത്തിനു ശേഷം പ്രതിയെ കണ്ടെത്തി
കോട്ടയം: എട്ടു വര്‍ഷം മുന്‍പു കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞു. ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലിസ് കണ്ടെത്തി. കള്ളനോട്ടുകേസില്‍ റിമാന്‍ഡിലായിരുന്ന വൈക്കം ടി.വി പുരം അനീഷ്(38) ആണ് പ്രതി. മാത്യുവിനെ കൊന്ന് കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തി പൊലിസ് തെളിവെടുപ്പ് നടത്തി. കെട്ടിടത്തിന്റെ ഉള്‍വശം പൊളിച്ചാണ് തെളിവെടുക്കുന്നത്. പണമിടപാട് സംബന്ധിച്ച് തര്‍ക്കത്തെതുടര്‍ന്നാണ് അനീഷ് മാത്യുവിനെ കൊലപ്പെടുത്തിയത്.
2008 നവംമ്പര്‍ 25ന് വൈകുന്നേരം മക്കളെ സ്കൂളില്‍ നിന്നും കൊണ്ടുവന്ന ശേഷം കാറുമായി പുറത്തേയ്ക്കിറങ്ങിയ മാത്യു പിന്നീട് മടങ്ങിയെത്തിയില്ല. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ പള്ളികവലയ്ക്കു സമീപം കാര്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇദ്ദേഹം ഒളിവില്‍ കഴിയുകയായിരിക്കുമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്.
അനീഷിന്റെ പിതാവ് വാസുവിന്റെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. കൊലപാതകത്തിന് പിന്നില്‍ തന്റെ മകനാണെന്ന് അനീഷിന്റെ പിതാവ് മാത്യുവിന്റെ മകള്‍ നൈസിയോട് പറയുകയായിരുന്നു. ഇതിന്റെ മൊബൈല്‍ഫോണ്‍ സംഭാഷണം നൈസി പൊലിസിന് കൈമാറിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഇന്ന് ബഹുനില കെട്ടിടമാണ്. ഇവിടെ കുഴിച്ച് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."