കൊല്ലംകൊല്ലി ക്വാറി: പഞ്ചായത്ത് പ്രസിഡന്റിന് ഓഹരിയുണ്ടെന്ന് കോണ്‍ഗ്രസ്
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന് മലയില്‍ കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിന് സമീപം പുതുതായി തുടങ്ങുന്ന ക്വാറിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലിക്കും ഭരണസമിതി അംഗങ്ങള്‍ക്കും ഓഹരിയുണ്ടെന്ന് ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കാറ്റിയാടിപൊയില്‍ കൊല്ലംകൊല്ലി പോലൊരു സൗഹൃദ പ്രദേശത്ത് പുതിയ ക്വാറി ക്രഷര്‍ യൂനിറ്റിന് അനുമതി നല്‍കിയ ഇടത് ഭരണസമിതിയുടെ തീരുമാനം നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പണമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത് ധിക്കാരപരമാണെന്നും ചെക്കുന്ന് മല സംരക്ഷണ സമിതിക്കൊപ്പം കേസ് നടത്തിപ്പിന് കോണ്‍ഗ്രസ് കൂടെയുണ്ടാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ക്വാറിക്ക് ലൈസന്‍സ് നല്‍കാതിരുന്നാല്‍ സി.പി.ഐ അംഗത്തെ കൂട്ടുപിടിച്ച് ഭരണസമിതിയെ മറിച്ചിടുമെന്ന എല്‍.ഡി.എഫ് സ്വതന്ത്ര അംഗത്തിന്റെ ഭീഷണി കണക്കിലെടുത്താണ് ക്വാറിക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് തള്ളിയ അപേക്ഷയാണ് ഇപ്പോള്‍ പരിഗണിച്ചിട്ടുള്ളത്. ക്വാറിക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ടി റഷീദ്, സൈഫുദ്ദീന്‍ കണ്ണനാരി, യു. ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."