സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
തിരൂര്‍: മംഗലം പുല്ലൂണിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കൂട്ടായി മൗലാന എം.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബസും പുല്ലൂണി വള്ളത്തോള്‍ എ.യു.പി സ്‌കൂള്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പുല്ലൂണി ചിറ്റേപ്പുറം ക്ഷേത്രത്തിന് സമീപത്തെ സ്ഥിരം അപകടമേഖലയായ വളവിലാണ് സംഭവം.
പരുക്കേറ്റ വിദ്യാര്‍ഥികളെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ധവാര്‍ഷിക പരീക്ഷ ഇന്നുമുതല്‍ തുടങ്ങാനിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂട്ടായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് സ്‌കൂള്‍ ബസില്‍ മടങ്ങുകയായിരുന്നു. ഇതിനിടെയാണ് വള്ളത്തോള്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കായി കൊണ്ടുവരികയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചത്. വള്ളത്തോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മംഗലം നാലകത്ത് റാസില്‍ ( 11), കാവഞ്ചേരി സ്വദേശി നേഹ( 11), കൈമലശ്ശേരി സ്വദേശി വൃന്ദ (11), പട്ടണംപടി സ്വദേശി നിഹാല്‍ (12), ഫാത്തിമ മഹര്‍ഷ (12), ഷാന നസ്‌റിന്‍, റിദ സഫ്‌വ, തെസ്‌നീന, ബസ് ക്ലീനര്‍ യാഹു, കൂട്ടായി എം.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളായ ഉണ്ടപ്പടി സ്വദേശി ബിന്‍സി, ചേന്നര സ്വദേശിനി ഹസ്‌നത്ത്, ഇല്ലത്തപടി സ്വദേശിനി ഹിബ, കുറുമ്പടി സ്വദേശി സ്വാലിഹ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നിസാര പരുക്കേറ്റ മറ്റ് വിദ്യാര്‍ഥികളെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. മഴയുള്ള സമയമായതിനാല്‍ ബസുകള്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്താന്‍ കഴിയാത്തതാണ് കൂട്ടിയിടിയ്ക്കിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."