അജിതയുടെ മൃതദേഹം നാളെ വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ഡിസംബര്‍ 16 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഹരജി പരിഗണിക്കവെ അജിതയുടെ മൃതദേഹം ഹരജിക്കാരനായ ഭഗവത് സിങിനു വിട്ടുകൊടുക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അജിതയുടെ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി സമരം ചെയ്യാനും അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനും ഹരജിക്കാരന്‍ ശ്രമിച്ചേക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
യു. എ. പി. എ പ്രകാരമുള്ള ഒരു കേസുള്‍പ്പെടെ തമിഴ്‌നാട്ടില്‍ നാലു കേസുകളില്‍ പ്രതിയാണ് ഹരജിക്കാരന്‍. തമിഴ്പുലി നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ സമരം ചെയ്തതിനെത്തുടര്‍ന്നാണ് യു. എ. പി. എ പ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് മൃതദേഹം ഏറ്റെടുത്ത് എന്തു ചെയ്യാനാണെന്ന് ഹരജിയില്‍ വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഹരജിക്കാരന്‍ സത്യവാങ്മൂലം വെള്ളിയാഴ്ച സമര്‍പ്പിക്കാനും അതുവരെ അജിതയുടെ മൃതദേഹം സൂക്ഷിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഹപാഠിയും തമിഴ്‌നാട് സ്വദേശിയുമായ ഭഗവത് സിങ് നല്‍കിയ ഹരജിയില്‍ നേരത്തെ ഡിസംബര്‍ 13 വരെ സംസ്‌കരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."