ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അഡ്വ. എം. രാജഗോപാലന്‍ നായര്‍ ചെയര്‍പേഴ്‌സണും ജി.എസ് ഷൈലാമണി, പി.സി രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായാണ് ബോര്‍ഡ് രൂപീകരിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുകയാണ് ബോര്‍ഡിന്റെ ചുമതല. വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് പുതിയ രൂപത്തിലുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപം കൊണ്ടിരിക്കുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും നിയമന ചുമതല പി.എസ്.സിക്കു വിട്ടിരുന്നു. എന്നാല്‍ അതിനുള്ള നിയമനിര്‍മാണത്തിനു കാലതാമസമുണ്ടായി. സ്‌പെഷല്‍ റൂള്‍ തയാറാക്കി പി.എസ്.സിക്കു സമര്‍പ്പിക്കുന്ന ഘട്ടത്തിലാണ് യു.ഡി.എഫ് അധികാരത്തില്‍ വന്നത്. പി.എസ്.സിക്കു വിട്ട നിയമനം തിരിച്ചെടുക്കാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് നിയമന ചുമതല നല്‍കാനും പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
2012ല്‍ ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 2014ല്‍ ബോര്‍ഡ് രൂപീകരണത്തിനുള്ള ബില്‍ നിയമസഭ പാസാക്കിയതോടെ നിയമം പ്രാബല്യത്തില്‍ വന്നു. അതനുസരിച്ച് ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് അംഗങ്ങളുള്‍പ്പെട്ട ബോര്‍ഡ് 2015ല്‍ നിലവില്‍ വന്നു. പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബോര്‍ഡ് പിരിച്ചുവിടുമെന്നും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് ആ നിലപാടില്‍ നിന്ന് പിന്മാറി ബോര്‍ഡിന്റെ രൂപഘടന മാറ്റി അതിനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ദേവസ്വം നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയിരുന്നു. പുതിയ ബോര്‍ഡില്‍ അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. പഴയ ബോര്‍ഡില്‍ അംഗമാകുന്നതിന് മദ്യ ഉല്‍പാദനത്തിലോ വിപണനത്തിലോ ഏര്‍പ്പെട്ടവര്‍ക്ക് വിലക്കുണ്ടായിരുന്നു. പുതിയ നിയമത്തില്‍ ആ വിലക്ക് നീക്കം ചെയ്തിട്ടുണ്ട്. അധ്യക്ഷ പദവിയില്‍ വരേണ്ടത് ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ളയാള്‍ ആയിരിക്കണം, അംഗങ്ങളിലൊരാള്‍ വനിതയായിരിക്കണം, മറ്റൊരാള്‍ പട്ടികജാതിയിലോ പട്ടികവര്‍ഗ ഗോത്രത്തിലോ നിന്നായിരിക്കണം എന്നീ വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ വര്‍ഷാശനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."