പ്രവാസി വോട്ട്: നടപടി വേഗത്തിലാക്കാമെന്ന് കെ.എം.സി.സി നേതാക്കള്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
ന്യൂഡല്‍ഹി: പ്രവാസി വോട്ട് സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന് കെ.എം.സി.സി നേതാക്കള്‍ക്ക് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ സിങിന്റെ ഉറപ്പ്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെയും പി.വി അബ്ദുല്‍ വഹാബിന്റെയും നേതൃത്വത്തിലുള്ള മക്കാ കെ.എം.സി.സി നേതാക്കളെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹജ്ജ് വകുപ്പ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ന്യൂനപക്ഷമന്ത്രാലയത്തിനു കീഴിലേക്കു മാറ്റിയ നടപടി പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഗൗരവമായി തന്നെ ചര്‍ച്ചചെയ്യാമെന്നും വി.കെ സിങ് വ്യക്തമാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.
ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ മാതൃകയില്‍ മക്കയിലും ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായാലുടന്‍ വലിയവിമാനങ്ങളെ ഉള്‍ക്കൊള്ളിച്ചു പഴയസര്‍വിസ് ഷെഡ്യൂള്‍ പുനഃസ്ഥാപിക്കണമെന്ന് നേതാക്കള്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനനുസരിച്ചേ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് കേന്ദ്രമന്ത്രി മറുപടി പറഞ്ഞു. കെ.എം.സി.സി നേതാക്കളായ അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍ വഹാബ് കൊല്ലം, പാലോളി സൈനുദ്ദീന്‍, ഹംസ മണ്ണാര്‍മല, നാസര്‍ കിന്‍സാറ, ഹാരിസ് പെരുവള്ളൂര്‍, മുസ്തഫ മുന്നക്കുളം എന്നിവരും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."