അപ്രഖ്യാപിത നിയമന നിരോധനം; പെരുവഴിയിലാകുന്നത് ആയിരങ്ങള്‍
ആലപ്പുഴ: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും നിയമനം നടത്താതെയും ഉദ്യോഗാര്‍ഥികളെ പെരുവഴിയിലാക്കി സര്‍ക്കാര്‍. ഇടത് സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍ഗണന നല്‍കി പ്രഖ്യാപിച്ച ഒഴിവ് നികത്തല്‍ പദ്ധതി ഇതോടെ പാളി. കാലാവധി തീരാറായതും പ്രായം അധികരിച്ചവരുമായ ഉദ്യോഗാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ ശാപമോക്ഷം തേടുന്നത്. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ജൂനിയര്‍ ഗ്രേഡ് ഹെല്‍ത്ത് നഴ്‌സുമാരുടെ പട്ടികയും ഇഴയുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച പട്ടികയാണിത്. ഇതില്‍ പ്രായം അധികരിച്ച വിധവകളും ഉണ്ട്. വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍ ഏറെയുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യാതെ മേധാവികള്‍ ഒളിച്ചുകളിക്കുന്നതായാണ് ആക്ഷേപം. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിയമനങ്ങള്‍ വൈകിപ്പിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.
2007ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ പതിനായിരം പേരുടെ ഒഴിവുകള്‍ കാണിച്ച് പി.എസ് സി നടത്തിയ പരീക്ഷയില്‍ ജയിച്ച പതിനൊന്നായിരം പേരുടെ പട്ടികയില്‍ ഇനിയും ആറായിരം പേരെ നിയമിക്കാനുണ്ട്.
സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന പട്ടികയാണിത്. വിവിധ കോടതികളിലായി എഴുനൂറ് ജീവനക്കാരുടെ അഭാവം ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും നിയമനം നടന്നിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കാറ്റഗറി രണ്ട് പട്ടികയും അവതാളത്തിലാണ്.
അപ്രഖ്യാപിത നിയമന നിരോധനം എല്‍.ഡി ടൈപ്പിസ്റ്റ് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളെയും വലച്ചു. പട്ടികയുടെ കാലാവധി തീരുംമുന്‍പേ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഇവരും. 2012ല്‍ ഒഴിവുകളും നിയമനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വകുപ്പ് മേധാവികള്‍ വീഴ്ചവരുത്തുന്നത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവും വെളിച്ചം കണ്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനുകള്‍ നല്‍കാതെ കാലതാമസം വരുത്തി പുതിയ നിയമനങ്ങള്‍ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നറിയുന്നു.
പ്രമോഷന്‍ വൈകിപ്പിക്കുന്നതിനാല്‍ തസ്തികകളില്‍ ജീവനക്കാര്‍ തുടരുന്നത് പുതിയ നിയമനങ്ങള്‍ക്കും മൂന്നുവര്‍ഷത്തിലൊരിക്കല്‍ ജീവനക്കാരെ സ്ഥലം മാറ്റുകയെന്ന സര്‍ക്കാര്‍ തീരുമാനത്തിനുമാണ് തിരിച്ചടിയാകുന്നത്. ഒരാഴ്ചയ്ക്കു മുന്‍പാണ് സര്‍ക്കാര്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത സ്ഥലംമാറ്റം പ്രഖ്യാപിച്ചത്. കുഴപ്പക്കാരെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍, ആരോഗ്യവകുപ്പില്‍ പത്തുവര്‍ഷത്തിലധികം സ്ഥലംമാറ്റം ഇല്ലാതെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നതാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതും നിയമനങ്ങള്‍ നടത്താത്തതും സാധാരണക്കാരെ സാരമായി ബാധിക്കുകയാണ്. അമിത ജോലിഭാരവും ജീവനക്കാരുടെ അഭാവവും മൂലം മുഴുവന്‍ വകുപ്പുകളിലും കാര്യങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."