വിജ്ഞാനത്തിന്റെ പൂമുഖത്ത് വെളിച്ചം വിതറിയ പ്രഥമ ഫൈസി പണ്ഡിതന്‍
മലപ്പുറം: വൈജ്ഞാനിക രംഗത്തെ ആഴവും സൂക്ഷ്മതയും ജീവിതചര്യയാക്കിയ സമുന്നത ഇസ്‌ലാമിക പണ്ഡിതനാണ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മു്‌സ്‌ലിയാര്‍. കേരളാ മുസ്‌ലിം നവോഥാനത്തിലെ നാഴികക്കല്ലായി മാറിയ ജാമിഅയുടെ പ്രഥമ ഫൈസിമാരിലൊരാളാണ് എ.പി ഉസ്താദ്. മതരംഗത്തെ ഉന്നത ബിരുദപഠനത്തിനു വെല്ലൂര്‍ ബാഖിയാത്തുള്‍പ്പെടെ സ്ഥാപനങ്ങളെയാണ് ആ കാലത്ത് കേരളീയ പണ്ഡിതന്‍മാര്‍ ആശ്രയിച്ചിരുന്നത്. 1962ല്‍ കേരള മുസ്‌ലിം നവോഥാന രംഗത്തു പൊന്‍തൂവലായി സമസ്തയുടെ നേതൃത്വത്തില്‍ ജാമിഅ നൂരിയ്യ അറബിക് കോളജ് തുടക്കം കുറിച്ച വര്‍ഷം.
ദര്‍സ് പഠനത്തിനു ശേഷം ബിരുദ പഠനത്തിനു കോളജില്‍ പോവാന്‍ തയാറെടുത്തപ്പോള്‍ ജാമിഅ നൂരിയ്യയിലെ പ്രഥമ മുഖ്ത്വസര്‍ ബാച്ചില്‍ ചേരുകയായിരുന്നു ഉസ്താദ്. ജാമിഅ രജിസ്റ്ററില്‍ നമ്പര്‍ ഏഴ് ആണ് എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ പ്രവേശന നമ്പര്‍. ആ വര്‍ഷം തന്നെ ജാമിഅയില്‍ മുതവ്വല്‍ ബാച്ചും ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നടന്ന പ്രഥമ സനദ്ദാന സമ്മേളനത്തിലാണ് ഇരു ബാച്ചുകള്‍ക്കും സനദ് നല്‍കിയത്. ഒരു ചരിത്രനിയോഗത്തിന്റെ സാക്ഷാത്കാരം കേരള മുസ്‌ലിംകള്‍ ആസ്വദിച്ച ആ പ്രഥമ സനദ്ദാന സമ്മേളനത്തില്‍ സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളില്‍ നിന്നാണ് മൗലവി ഫാസില്‍ ഫൈസി സനദ് സ്വീകരിച്ചത്. ഉന്നത ശീര്‍ഷരായ ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, താഴക്കോട് കുഞ്ഞലവി മുസ്്‌ലിയാര്‍ തുടങ്ങിയവരുടെ കീഴിലായിരുന്നു എ.പി ഉസ്താദിന്റെ ജാമിഅയിലെ പഠനം.
വൈജ്ഞാനിക മുന്നേറ്റത്തിന്റെ നാഴികക്കല്ലായി മാറിയ സുവര്‍ണ കാലഘട്ടത്തിന്റെ സന്തതിയായ ഉസ്താദ് കോളജ് പഠന ശേഷം മലബാറിലെ വിവിധ ഭാഗങ്ങളില്‍ മുദരിസായി. പിന്നീടാണ് ജാമിഅയില്‍ തന്നെ മുദരിസായി തിരിച്ചെത്തുന്നത്. സ്ഥാപക നേതാവായ ബാഫഖി തങ്ങളുടെ ക്ഷണപ്രകാരമായിരുന്നു അത്. തങ്ങളുടെ അഭ്യര്‍ഥന മാനിച്ചു അഞ്ചുവര്‍ഷം ജാമിഅ നൂരിയ്യയില്‍ മുദരിസായി. പിന്നീട് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ദര്‍സു നടത്തിയാണ് ജാമിഅയില്‍ രണ്ടാമതും ഉസ്താദ് മുദരിസാകുന്നത്. അനേകം മഹല്ലുകളിലെ പ്രശസ്ത ദര്‍സുകളിലൂടെയായിരുന്നു ഉസ്താദിന്റെ അധ്യാപനയാത്ര. മതകാര്യങ്ങളിലെ കണിശമായ നിലപാടുകളിലൂടെയും സമീപനങ്ങളിലൂടെയും തന്റെ ഗുരുവര്യരുടെ പാത പിന്തുടര്‍ന്ന ഉസ്താദിന്റെ ജീവിതം മലബാറിന്റെ വിവിധ പ്രദേശങ്ങളിലെ സുവര്‍ണഘട്ടം കൂടിയായി. കര്‍മശാസ്ത്ര വിജ്ഞാനത്തിന്റെ ആഴങ്ങളിലൂടെയായിരുന്നു ആ നീണ്ട യാത്രകള്‍. നീണ്ട രണ്ടുപതിറ്റാണ്ടു കാലമായി ഫൈസീ പണ്ഡിതര്‍ക്ക് അദ്ദേഹം അറിവു പകര്‍ന്നു നല്‍കി. പള്ളി ദര്‍സുകളിലെ അധ്യാപനങ്ങള്‍ക്ക് ശേഷം വീണ്ടും സ്വന്തം കലാലയമായ ജാമിഅ നൂരിയ്യയില്‍ തന്നെ രണ്ടാമതും മുദരിസാവുകയായിരുന്നു.
അധ്യാപന ജീവിതത്തിനിടയില്‍ ശാരീരിക അസ്വസ്ഥതകള്‍ വേട്ടയാടുമ്പോഴും അദ്ദേഹത്തിന് അതൊന്നും തടസമായില്ല. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നാട്ടില്‍ പോയി മടങ്ങിയാല്‍ മുഴുസമയം ജാമിഅയിലുണ്ടാകും. അധ്യാപനവും കിതാബുകള്‍ പാരായണം ചെയ്യുകയും ഔറാദുകളുമായി ജാമിഅയില്‍ ചേര്‍ന്നലിഞ്ഞ ജീവിതം. അവസാന കാലത്ത് ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും അസുഖത്തിനു ശമനമായാല്‍ ജാമിഅ നൂരിയ്യില്‍ തിരിച്ചെത്തുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു മണ്ണാര്‍ക്കാടിനുടുത്ത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ഉസ്്താദ് അല്‍പം ശമനം ലഭിച്ചപ്പോള്‍ കോളജില്‍ എത്തണമെന്നു നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഐ.സി.യുവില്‍ നിന്നും അദ്ദേഹം ജാമിഅയിലെത്തുകയും വരാന്തയില്‍ വച്ചു മുഴുവന്‍ വിദ്യാര്‍ഥികളേയും ഒരുമിച്ചുകൂട്ടി പ്രാര്‍ഥന നടത്തിയ ശേഷം ആശുപത്രിയിലേക്കു മടങ്ങുകയായിരുന്നു. അറിവിന്റെ തണലൊരുക്കിയ ജാമിഅയില്‍ അലിഞ്ഞുചേര്‍ന്നു ആ ജീവിതം. അവസാന ശ്വാസം വരെയും കര്‍മമണ്ഡലത്തില്‍ ആയിരക്കണക്കിനു ഫൈസി പണ്ഡിതരിലേക്കു അറിവു വിതറിയാണ് ഗുരുശ്രേഷ്ഠരുടെ മടക്കയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."