സഊദിയില്‍ വ്യതസ്ത അപകടങ്ങളില്‍ നാലു ഇന്ത്യക്കാര്‍ ഉള്‍പെടെ ആറു പേര് മരിച്ചു
ജിദ്ദ: സഊദിയില്‍ വ്യത്യസ്ത അപകടങ്ങളില്‍ നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറു പേര് മരിച്ചു. റിയാദിലെ ഖുറൈസ് റോഡില്‍ എക്സിറ്റ് മുപ്പതില്‍ സല്മാന് ഫാരിസി അണ്ടര്‍ പാസേജിന് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന അപകടത്തില്‍ രണ്ടു ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര് വെന്തുമരിച്ചു.
ട്രക്കുകള്‍ കൂടിയിടിച്ചു കത്തുകയായിരുന്നു. രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഒരാള്‍ പാക് പൗരനാണ്. നാലാമനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
റിയാദിലെ പ്രമുഖ നിര്‍മാണ കമ്പനിയുടെ റോഡ് ടാര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്ക് കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ട്രക്കിലെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കമ്പനിയില്‍നിന്ന് മെക്കാനിക്കുകള്‍ എത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പിറകില്‍ വന്ന പെട്രോള്‍ ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഇതിനു പിറകെ എത്തിയ മറ്റൊരു ട്രക്കും അപകടത്തില്‍പെട്ടു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിര്‍ത്തിയിട്ട പിക്കപ്പും കത്തിയമര്‍ന്നു.
ടാങ്കര്‍ പൊട്ടിത്തെറിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. സംഭവ സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ച രണ്ട് ഇന്ത്യക്കാര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പരുക്കേറ്റ രണ്ടു പേരും ഉത്തരേന്ത്യക്കാരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
റിയാദ് നഗരത്തില്‍നിന്നു മാറി അല്‍ഖസീം ചെക്പോസ്റ്റിന് സമീപമുണ്ടായ മറ്റൊരു അപകടത്തിലാണ് മറ്റു രണ്ടു ഇന്ത്യക്കാര്‍ മരിച്ചത്. റോഡ് സേവനത്തിനായി ഉപയോഗിക്കുന്ന പിക്കപ്പിന് പിറകില്‍ സ്വദേശിയുടെ വാഹനമിടിച്ച് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മരിച്ചവര്‍ ഉത്തരേന്ത്യക്കാരാണ്. എന്നാല്‍ ഇവരുടെ മറ്റു വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."