കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഇനി ദീപ്ത സ്മരണ
മണ്ണാര്‍ക്കാട്: മതനിഷ്ഠകളില്‍ കാര്‍ക്കശ്യവും, ജീവിതത്തില്‍ ലാളിത്യവും കാത്തുസൂക്ഷിച്ച ശിക്ഷ്യഗണത്തിന്റെ പ്രിയഗുരുനാഥനായ പണ്ഡിത തേജസ് സമസ്ത സംസ്ഥാന പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് കണ്ണീരോടെ വിട.
സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂരിലെ പുരാതന പണ്ഡിത കുടുംബമായ ആമ്പാടത്ത് പുന്നപ്പാടത്ത് തറവാട്ടിലെ കാരണവര്‍ മാത്രമല്ല, കേരളത്തിലെ പണ്ഡിത സമൂഹത്തിന്റെ കാരണവര്‍ കൂടിയാണ് മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായത്.
ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും, സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 2016 ജൂണ്‍ ഒന്നിനാണ് സമസ്തയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 22 വര്‍ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളെജില്‍ സേവനം അനുഷ്ഠിച്ചു വരുന്ന മുസ്‌ലിയാര്‍ സമസ്ത പ്രസിഡന്റും, ജാമിഅ നൂരിയ വൈസ് പ്രസിഡന്റുമായിരുന്ന കാളമ്പാടി ഉസ്താദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സമസ്ത പ്രസിഡന്റും നൂരിയ വൈസ് പ്രസിഡന്റും മായി നിയോഗിതനായത്.
വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മുഹമ്മദ് മുസ്‌ലിയാരെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് തച്ചമ്പാറ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.45ഓടെയാണ് മുഹമ്മദ് മുസ്‌ലിയാര്‍ മരണപ്പെട്ടത്.
മരണ സമയത്ത് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം സമീപത്തുണ്ടായിരുന്നു. തച്ചമ്പാറ ആസ്പത്രിയില്‍ വെച്ച് കെ.സി അബൂബക്കര്‍ ദാരിമിയുടെ കാര്‍മിക്വത്തില്‍ ജനാസ നമസ്‌കരിച്ച് രാവിലെ 6മണിയോടെ വീട്ടിലും പിന്നീട് കുമരംപുത്തൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്‌റസയില്‍ 7.30 വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാവിലെ എട്ട് മണിയോടെ മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കോംപ്ലക്‌സില്‍ എത്തിച്ച ജനാസ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം വൈകുന്നേരം 3മണിവരെ പൊതുദര്‍ശനത്തിന് വെച്ചു.
23 തവണയായി പൂര്‍ത്തിയാക്കിയ ജനാസ നമസ്‌കാരത്തില്‍ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്തു.
വിവിധ സമയങ്ങളിലായി നടന്ന ജനാസ നമസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി.കെ ശശി, അഡ്വ.എന്‍ ഷംസുദ്ദീന്‍, അഡ്വ.എം ഉമ്മര്‍, മഞ്ഞളാംകുഴി അലി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുള്‍ അസീസ്, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ന്യൂനപക്ഷ ക്ഷേമരകാര്യ വകുപ്പ് ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ് ജനാസ സന്ദര്‍ശിച്ചു. വൈകുന്നേരം 3.45ഓടെ കുമരംപുത്തൂര്‍ ജുമാമസ്ജിദിലെത്തിച്ച ജനാസ 4.15ഓടെ എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നമസ്‌കാരശേഷം വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."