ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ്
മനാമ: ബഹ്‌റൈനില്‍ 45ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ത്രിദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന തലക്കെട്ടിലാണ് ഡിസംബര്‍ 16 മുതല്‍ 18 വരെ നീളുന്ന രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു. ദേശീയ ദിനത്തില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ മനാമ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ക്യാമ്പ് നടക്കും.
15-ാമത് ക്യാമ്പാണിത്. കെ.എം.സി.സിയുടെ 16ാമത് മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 17 ന് ബഹ്‌റൈന്‍ ബി.ഡി.എഫ് ഹോസ്പിറ്റലിലും 17ാമത് ക്യാമ്പ് ഡിസംബര്‍ 18ന് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും നടക്കും.
ഏഴ് വര്‍ഷത്തിനിടെ 12 രക്തദാന ക്യാമ്പുകളും രണ്ട് എക്‌സ്പ്രസ് ക്യാമ്പുകളും കെ.എം.സി.സി നടത്തിയിട്ടുണ്ട്. ഇതോടൊപ്പം അത്യാവശ്യ സന്ദര്‍ഭങ്ങളിലെല്ലാം രക്തദാനം നടത്തിയിരുന്നു. ഇതുവരെ 2300ലധികം പേര്‍ രക്തദാനം ചെയ്തു. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയത്തിന് 51 അംഗ പ്രത്യേക ടീമും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയവുമായും ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ചാണ് ക്യാമ്പ് നടക്കുക. മൂന്ന് ദിവസത്തിനിടെ 300ഓളം പേര്‍ രക്തം ദാനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളും പാകിസ്താന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ് പൗരന്‍മാരും രക്തദാനത്തില്‍ പങ്കെടുക്കും.
ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 39841984, 33161984, 39881099 നമ്പറുകളിലും സൗജന്യ വാഹനം ലഭിക്കേണ്ടവര്‍ 33189006, 33782478 നമ്പറുകളിലും ബന്ധപ്പെടണം.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് ശാഫി പാറക്കട്ട, ഓര്‍ഗനൈസിങ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, സെക്രട്ടറിമാരായ കെ.പി.മുസ്തഫ, കെ.എം. സൈഫുദ്ദീന്‍, ജീവസ്പര്‍ശം ജനറല്‍ കണ്‍വീനര്‍ എ.പി.ഫൈസല്‍, കണ്‍വീനര്‍ ഫൈസല്‍ കോട്ടപ്പള്ളി, പാരാജോണ്‍ കണ്‍ട്രി മാനേജര്‍ പി. അമീര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."