ജയയുടെ മരണം: ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം
കോയമ്പത്തൂര്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ധവളപത്രം ഇറക്കണമെന്ന് ഡി.എം.കെ, പി.എം.കെ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തെപറ്റി തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ ഉയരുകയാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. 75 ദിവസം അപ്പോളോ ആശുപത്രിയില്‍ രഹസ്യമായി ചികിത്സ നടത്തി. അവരുടെ യഥാര്‍ഥ രോഗം, ചികിത്സാ രീതികള്‍, സന്ദര്‍ശകരെ അകറ്റാനുള്ള കാരണം, രോഗം രഹസ്യമാക്കി വക്കാനുള്ള സാഹചര്യം എന്നിവ ധവളപത്രം വഴി പുറത്തുകൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പാട്ടാളി മക്കള്‍ കക്ഷി ഡോ. രാമദാസും ഇതേ ആവശ്യം ഉന്നയിച്ചു.
ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി ചെന്നൈ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിട്ടുണ്ട്. ജയലളിതയുടെ പോസ്റ്റുമോര്‍ട്ടത്തിനു പുറമേ ആശുപത്രിയിലെ ചികിത്സാ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവയും പരിശോധിക്കണമെന്ന് ഹരജിയില്‍ ആവശ്യമുണ്ട്.
ഇതിനിടെ ശശികലയെ അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ശശികല പുഷ്പ എം.പി മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."