തിരുനെല്ലൂര്‍ പാടശേഖരം 36 വര്‍ഷത്തിന് ശേഷം കൃഷിക്കായി ഒരുങ്ങുന്നു
മുല്ലശ്ശേരി: തിരുനെല്ലൂര്‍ പാടശേഖരത്തില്‍ കൃഷിയിറക്കാനുള്ള നിലം ഒരുക്കല്‍ തുടങ്ങി. 36 വര്‍ഷമായി ചെളിയും പാഴ്പുല്ലും നിറഞ്ഞ് ചതുപ്പ് നിലമായി മാറിയ 55 ഏക്കര്‍ തരിശുനിലത്തില്‍ വിളവിറക്കുന്നതിന് ഉത്സവാന്തരീക്ഷത്തിലാണ് തുടക്കമായത്. പുല്ല് അമര്‍ച്ച ചെയ്ത് പൂട്ടിയതിന് ശേഷം കുമ്മായമിട്ട് ഒരാഴ്ചയിടും.
ശേഷം വീണ്ടും ഒന്ന് കൂടി പൂട്ടി വൈകാതെ നിലമൊരുക്കല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഞാറ് നടീല്‍ നടക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പാടശേഖരത്തിലെ കൃഷിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിനോട് ഈ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലംഒരുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ സ്മിത ഫ്രാന്‍സിസ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഷെരീഫ് ചിറയ്ക്കല്‍ അധ്യക്ഷനായി. ജനപ്രതിനിധി ഇന്ദുലേഖ ബാജി മുഖ്യാതിഥിയായി. പടവ് കമ്മിറ്റി ഭാരവാഹികളായ വി.കെ ഇസ്മാഈല്‍. എം.പി സഗീര്‍, പി.കെ മുഹമ്മദ് സംസാരിച്ചു. 36 വര്‍ഷം മുമ്പ് ഈ പാടശേഖരത്തിലെ കര്‍ഷക തൊഴിലാളിയായിരുന്ന 80 വയസ് പ്രായമുള്ള തിരുനെല്ലൂര്‍ സ്വദേശി വെട്ടേക്കാട്ട് ശങ്കരനുള്‍പ്പെടെ നാട്ടുകാരൊന്നടങ്കം പാടമൊരുക്കല്‍ കാണാനെത്തിയിരുന്നു. അന്ന് ഈ പ്രദേശത്തെ നെല്ലറയായിരുന്നു ഈ പാടശേഖരമെന്ന് ശങ്കരന്‍ ഓര്‍ക്കുന്നു. നല്ല നിലയില്‍ വിളവ് ലഭിച്ചിരുന്നെങ്കിലും പിന്നീട് കാലം കഴിയുംതോറും പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള മഴവെള്ളത്തിന്റെയും ഇതര പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ അധിക വെള്ളത്തിന്റെയും സ്റ്റോറേജായി ഈ പാടശേഖരം മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."